മുഖ്യമന്ത്രി കെ.വി. തോമസിനോട് ക്ഷോഭിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) കാസർകോട് സ്ഥാപിക്കണമെന്ന് ദൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ച വിഷയത്തിൽ   കെ.വി. തോമസ് മലക്കംമറിഞ്ഞു.

ആരോഗ്യമന്ത്രിയെക്കണ്ട് കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട കേരളത്തിന്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന്റെ നിലപാടറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കെ.വി. തോമസിനോട് ക്ഷോഭിച്ചു. ഇതേത്തുടർന്ന് എയിംസ് കോഴിക്കോട് തന്നെയാവണമെന്ന് കെ.വി. തോമസ് ഇന്നലെ കേന്ദ്രമന്ത്രിക്ക് വീണ്ടും നിവേദനം നൽകി.

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിച്ച് കിട്ടാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിവരുന്നതിനിടയിലാണ് സംസ്ഥാന സർക്കാറിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ദൽഹി പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രിയെക്കണ്ട് എയിംസ് കാസർകോട് വേണമെന്നാവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യയെ ചെന്നു കണ്ട് എയിംസ് കാസർകോട്ട് വേണമെന്നാവശ്യപ്പെട്ടത്.

ഇത്തരമൊരാവശ്യമുന്നയിക്കാൻ താങ്കളെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു കെ.വി. തോമസിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. വിഷയത്തിൽ കോഴിക്കോട് ലോക്സഭാംഗം എം.കെ. രാഘവൻ മുഖ്യമന്ത്രിയെയും കെ.വി തോമസിനെയും പ്രതിഷേധമറിയിക്കുകയുണ്ടായി. ഇതേത്തുടർന്ന് കോഴിക്കോട്ട് തന്നെയാണ് എയിംസ് വേണ്ടതെന്ന് തിരുത്തിയ നിവേദനം കെ.വി. തോമസ്  കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണ്ടും സമർപ്പിക്കുകയായിരുന്നു.

LatestDaily

Read Previous

മഹിളാ ഹജ്ജ് യാത്രികർക്കായി മഹിളകൾ പറത്തിയ വിമാനം ജിദ്ദയിലിറങ്ങി

Read Next

കളഞ്ഞുകിട്ടിയ സ്വർണ്ണം കോടതിയെ ഏൽപ്പിക്കും