വനംവകുപ്പ് ജില്ലാ ഉദ്യോഗസ്ഥനെ മാറ്റിയത് പാർട്ടി അറിഞ്ഞില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: വനംവകുപ്പ് ജില്ലാ ഉദ്യോഗസ്ഥനെ മാറ്റിയ വിഷയം എൻസിപി ജില്ലാ കമ്മിറ്റിയിൽ മറ്റൊരു പൊട്ടിത്തെറിയായി. കാസർകോട് ഡിഎഫ്ഒയായിരുന്ന ബിജു പത്മനാഭനെ മാറ്റി പകരം നിയമിച്ചത് കെ. അഷ്റഫിനെയാണ്. ഒരു വർഷം മുമ്പു വരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചറായി സേവനത്തിലിരുന്ന കെ. അഷ്റഫ് കണ്ണൂരിൽ ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു.

ഇപ്പോൾ ഉദ്യോഗക്കയറ്റം നൽകി ഡിഎഫ്ഒ ആക്കിയാണ് അഷ്റഫിനെ കാസർകോട്ട് ജില്ലയിൽ നിയമിച്ചത്. ബിജു പത്മനാഭനെ സ്ഥലം മാറ്റുന്ന വിവരം  എൻസിപി പാർട്ടി ജില്ലാക്കമ്മിറ്റി ചേർന്ന് ചർച്ച ചെയ്തിട്ടില്ല. കെ. അഷ്റഫിനെ കാസർകോട് ഡിഎഫ്ഒ ആയി നിയമിച്ച കാര്യം ഇന്നലെ പത്രവാർത്തയിലാണ് ജില്ലയിലെ എൻസിപി പ്രവർത്തകർ അറിഞ്ഞത്.

പാർട്ടിയുമായും ജില്ലാ ഭാരവാഹികളുമായും ചർച്ച ചെയ്യാതെയുള്ള പുതിയ ഡിഎഫ്ഒയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് എൻസിപി ജില്ലാ ഭാരവാഹികൾ പറയുന്നു. പുതിയ ഡിഎഫ്ഒ കാസർകോട്ട് ചുമതല ഏറ്റെടുക്കാനെത്തുമ്പോൾ ഉപരോധിക്കുമെന്ന് ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗം പറഞ്ഞു. ജില്ലാ പ്രസിഡണ്ടിന്റെ ഏകാധിപത്യ പ്രവണതയിൽ പാർട്ടിയിൽ കടുത്ത അസ്വാരസ്യമുയർന്നിട്ടുണ്ട്. ജൂൺ 10-ന് എൻസിപി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ചേരുന്നുണ്ട്. യോഗം ബഹളമയമാകുമെന്നാണ് സൂചന.

LatestDaily

Read Previous

വിദ്യയ്ക്കെതിരെ നീലേശ്വരത്തും കേസ്

Read Next

പെറ്റ്സ് ചന്ദ്രനെ മടിക്കൈ സംഘം മർദ്ദിച്ചു