സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിൽ കാറിൽ എംഡിഎംഏയുമായെത്തിയ യുവാക്കൾ പിടിയിൽ. ഹോസ്ദുർഗ് എസ് ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം 3.20 ന് മഞ്ഞംപൊതിക്കുന്നിലെ വീരഹനുമാൻ ക്ഷേത്ര കമാനത്തിന് സമീപത്ത് നിന്നാണ് രണ്ട് യുവാക്കൾ എംഡിഎംഏയുമായി പിടിയിലായത്. ബേഡകം ചേടിക്കുണ്ടിലെ സുലൈമാന്റെ മകൻ കെ. ഷാഫി 31, പാടി നെല്ലിക്കട്ട ബിലാൽ നഗറിലെ ഹംസ ഹാജിയുടെ മകൻ പി. അബ്ദുൾ ഹഖ് 31 എന്നിവർ കെ.എൽ 14 ഏഡി 0220 നമ്പർ കാറിൽ എംഡിഎംഏയുമായി സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലായത്.
യുവാക്കളിൽ നിന്നും 0.720 ഗ്രാം എംഡിഎംഏ പോലീസ് കണ്ടെടുത്തു. മാവുങ്കാലിൽ ലഹരി മരുന്ന് വിൽപ്പന ലക്ഷ്യമിട്ട് എത്തിയവരായിരുന്നു യുവാക്കൾ. ഇരുവർക്കുമെതിരെ ഹോസ്ദുർഗ് പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.