സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പുതിയകോട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണം അവകാശികളില്ലാത്തതിനെത്തുടർന്ന് കോടതിക്ക് കൈമാറും. ഏപ്രിൽ 27-നാണ് മടിക്കൈ കാരാക്കോട്ടെ വേണുപണിക്കരുടെ ഭാര്യ കെ. ജയലക്ഷ്മിക്ക് പുതിയകോട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തു നിന്നും 11.050 ഗ്രാം സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയത്.
സ്വർണ്ണാഭരണം ഇവർ ഹോസ്ദുർഗ് പോലീസിന് കൈമാറിയിരുന്നു. കളഞ്ഞുകിട്ടിയ സ്വർണ്ണം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച വിവരം പത്രങ്ങൾ വഴി അറിയിച്ചിരുന്നുവെങ്കിലും യഥാർത്ഥ അവകാശികളെത്തിയില്ല. ഇതേത്തുടർന്ന് ഏതോ കുറ്റകൃത്യത്തിലുൾപ്പെട്ടതാകാമെന്ന സംശയത്തിൽ സിആർപിസി 102 വകുപ്പ് പ്രകാരം ഹോസ്ദുർഗ് പോലീസ് കേസെടുത്തു. സ്വർണ്ണം കോടതിക്ക് കൈമാറും.