എൻസിപി ജില്ലാക്കമ്മിറ്റിയിൽ പെൺവിഷയം പാർട്ടി പ്രവർത്തകർ അകലുന്നു, ജില്ലാ കമ്മിറ്റി നോക്കുകുത്തി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സംസ്ഥാന ഭരണത്തിലുള്ള ഘടകകക്ഷി എൻസിപി കാസർകോട് ജില്ലാക്കമ്മിറ്റിയിൽ പെൺ വിഷയത്തെച്ചൊല്ലി പുകയും തീയും. പാർട്ടിയുടെ ജില്ലാ ജനറൽ സിക്രട്ടറിയും ജില്ലാ വൈസ് പ്രസിഡണ്ടും പാർട്ടി ലേബലിൽ സ്ത്രീ വിഷയ തൽപ്പരർ ആയതിനുള്ള തെളിവുകൾ എൻസിപി പ്രവർത്തകരും പാർട്ടിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻവൈസി) പ്രവർത്തകരും ജില്ലാ നേതൃത്വത്തിന് മുന്നിൽ തുറന്നു കാട്ടിയെങ്കിലും, പ്രസിഡണ്ട് കരീം ചന്തേരയുടെ നേതൃത്വത്തിലുള്ള എൻസിപി ജില്ലാ നേതൃത്വം തികഞ്ഞ മൗനത്തിലാണ്.

കഴിഞ്ഞ ഒന്നര മാസത്തിനകം പാർട്ടിയിൽ ഉയർന്നുവന്നത് രണ്ട് ലൈംഗിക ആരോപണങ്ങളാണ്. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും കുണിയയിൽ സ്വന്തം വീടുമുള്ള നാൽപ്പത്തിയഞ്ചുകാരിയെ രഹസ്യമായി സമീപിച്ചത് ബന്തടുക്ക പടുപ്പിൽ നിന്നുള്ള ഒരു ജില്ലാ കമ്മിറ്റി അംഗമാണ്. ഇദ്ദേഹം നേരത്തെ മഅദനിയുടെ പാർട്ടിയിൽ സജീവമായിരുന്നു.

ആവശ്യം മറ്റൊന്നുമല്ല, കുണിയയിൽ പൂട്ടിക്കിടക്കുന്ന സ്ത്രീയുടെ വീട് ലൈംഗിക ആവശ്യവുമായി വരുന്ന ആണിനും പെണ്ണിനും താമസിക്കാൻ തുറന്നു കൊടുക്കണം. ചോദിക്കുന്ന പ്രതിഫലം തരുമെന്ന് ഭർത്താവ് ഗൾഫിലുള്ള നാൽപ്പത്തിയഞ്ചുകാരിയോട് നിരന്തരം  ആവശ്യപ്പെട്ട പടുപ്പ് നേതാവിന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ, സ്ത്രീ എൻസിപി ജില്ലാ സിക്രട്ടറി കരീം ചന്തേരയ്ക്ക് രേഖാമൂലം പരാതി നൽകി.

മെയ് ആദ്യ വാരം കാഞ്ഞങ്ങാട്ടെ എൻസിപി ജില്ലാ ഓഫീസിൽ ചേർന്ന  ജില്ലാ കമ്മിറ്റി യോഗത്തിൽ സ്ത്രീയുടെ പരാതി അംഗങ്ങൾ കേൾക്കാൻ ഒരു സജീവ പാർട്ടി പ്രവർത്തകൻ പാതി വായിച്ചുവെങ്കിലും, പിന്നീടങ്ങോട്ടുള്ള കടുത്ത അശ്ലീലം യോഗത്തിൽ വായിക്കാൻ നാണക്കേടായതിനാൽ അവിടെ വച്ച് നിർത്തുകയും പരാതി ജില്ലാ പ്രസിഡണ്ടിനെ നേരിട്ട് തിരരരിച്ചേൽപ്പിക്കുകയും ചെയ്തു.

ഈ യോഗത്തിൽ ആരോപണ വിധേയനായ പടുപ്പ് നേതാവും പരാതിക്കാരിയായ കുണിയ സ്വദേശിനി ജില്ലാ കമ്മിറ്റിയംഗവും സന്നിഹിതരായിരുന്നു. പരാതിയിൽ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഈ ദിവസം തീരുമാനമൊന്നുമെടുക്കാതെയാണ് യോഗം പിരിഞ്ഞത്. പരാതിപ്പെട്ട സ്ത്രീക്ക് അന്ന് തന്നെ ഫോണിൽ  ചിലരിൽ നിന്ന് ഭീഷണിയുണ്ടായതിനെത്തുടർന്ന് പാർട്ടി ജില്ലാ ഭാരവാഹിയായ ബെന്നി നാഗമറ്റം  ഈ പാർട്ടി പ്രവർത്തകയെ സ്വന്തം വീടുവരെ ഈ ദിവസം അനുഗമിച്ചിരുന്നു.

പാർട്ടി ഭാരവാഹിയുടെ പരാതി വായിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. രവീന്ദ്രനടക്കമുള്ളവർ സംബന്ധിച്ചിരുന്നുവെങ്കിലും, പ്രവർത്തകയുടെ പരാതിയിൽ അന്നും പിന്നീടും ഉചിതമായ യാതൊരു തീരുമാനവും എൻസിപി ജില്ലാ കമ്മിറ്റിയെടുത്തിട്ടില്ല. വേശ്യാവൃത്തിക്ക് സ്വന്തം വീട് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട പടുപ്പ് നേതാവ് പിന്നീട് ചേർന്ന രണ്ട് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തുവെങ്കിലും, ജില്ലാ പ്രസിഡണ്ടിന് പാർട്ടി പ്രവർത്തക നൽകിയ പരാതി പിന്നീട് ആരും കണ്ടതുമില്ല കേട്ടതുമില്ല.

ചീമേനി ചെമ്പ്രകാനത്ത് താമസിക്കുന്ന ഭർതൃമതിയും കുട്ടികളുമുള്ള യുവതിയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ മൂന്നു നാൾ കിടത്തി രാപ്പകൽ കാവൽ നിന്ന ചെമ്പ്രകാനം സ്വദേശിയായ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടിനെ ആശുപത്രിയിലെത്തി യുവതിയുടെ ഭർത്താവ് തല്ലിയ സംഭവം നടന്നതും മെയ് അവസാന വാരത്തിലാണ്.

ഉദിനൂർ സ്വദേശിയായ പാർട്ടി പ്രവർത്തകൻ എഴുപതുകാരനായ ജില്ലാ വൈസ് പ്രസിഡണ്ടിന്റെ പെൺവിഷയം പാർട്ടി ജില്ലാ നേതൃത്വത്തിൽ ഉന്നയിച്ചുവെങ്കിലും, ഈ സംഭവത്തിലും ജില്ലാ നേതൃത്വം തികഞ്ഞ മൗനത്തിലാണ്. ചെമ്പ്രകാനം യുവതിയെ പിന്നീട് കാമുകനായ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൊടക്കാട് വെള്ളച്ചാലിലുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.

Read Previous

കോൺഗ്രസ്സിൽ തർക്കം മുറുകി, ബ്ലോക്ക് കോൺഗ്രസ്  പുനഃസംഘടന പ്രഖ്യാപിച്ചു

Read Next

യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തയാൾ പിടിയിൽ