കോൺഗ്രസ്സിൽ തർക്കം മുറുകി, ബ്ലോക്ക് കോൺഗ്രസ്  പുനഃസംഘടന പ്രഖ്യാപിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഭിന്നസ്വരങ്ങൾക്കും ശേഷം ഒരു വിഭാഗം നേതാക്കളുടെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ബ്ലോക്ക് കോൺഗ്രസ് പുനഃസംഘടന പൂർത്തീകരിച്ച് കെപിസിസി നേതൃത്വം പട്ടിക അംഗീകരിച്ച് പ്രഖ്യാപനം നടത്തി.

ആദ്യം പ്രഖ്യാപിച്ച പതിനൊന്ന് ജില്ലകൾക്ക് പുറമെ മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരുടെയും പട്ടികയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്തെ 32 ഉം തിരുവനന്തപുരത്തെ 28 ഉം കോട്ടയത്തെ 18 ഉം ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 11 ജില്ലകളിലെ 197 ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടിക ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

പുനഃസംഘടന പൂർത്തിയായതായി കെപിസിസി നേതൃത്വം പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സിൽ തർക്കം മുറുകുകയാണ്. അന്തിമഘട്ടത്തിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ചേർന്ന് പട്ടിക പ്രഖ്യാപിച്ചതെന്നാണ് പരമ്പരാഗത ഗ്രൂപ്പുകളുടെ ആക്ഷേപം.

വിഷയത്തിൽ ഏ ഐ ഗ്രൂപ്പുകൾക്കുള്ള അതൃപ്തി കേന്ദ്ര നേതാക്കളെ അറിയിച്ചതായി ഗ്രൂപ്പ് മേധാവികൾ പറയുന്നുണ്ട്. ഏ ഗ്രൂപ്പ് നേതാക്കൾ പരസ്യമായാണ് പുനഃസംഘടനാ പട്ടികയ്ക്കെതിരെ രംഗത്തുവന്നത്. എന്നാൽ ഐ പക്ഷം എതിർപ്പ് പരസ്യപ്പെടുത്തിയിട്ടില്ല. ഉപസമിതി ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചയിടങ്ങളിൽ പോലും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ചേർന്ന് മാറ്റം വരുത്തിയെന്നാണ് ഗ്രൂപ്പുകൾ ആക്ഷേപിക്കുന്നത്.

LatestDaily

Read Previous

വിഷം അകത്തു ചെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു

Read Next

എൻസിപി ജില്ലാക്കമ്മിറ്റിയിൽ പെൺവിഷയം പാർട്ടി പ്രവർത്തകർ അകലുന്നു, ജില്ലാ കമ്മിറ്റി നോക്കുകുത്തി