ആതിരയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പാതിരായ്ക്ക് തനിച്ച് വീടുവിട്ടുപോയ ഇരുപത്തിയഞ്ചുകാരി കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലെ ആതിരയെ ചികിത്സയ്ക്ക് മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെയ് 31-ന് പുലർച്ചെ 12-20 മണിക്ക് കൊവ്വൽ സ്റ്റോറിലുള്ള വീട്ടിൽ നിന്നിറങ്ങിയ ആതിര ഓട്ടോയിൽ കാഞ്ഞങ്ങാട്  റെയിൽവെ സ്റ്റേഷനിലെത്തുകയും, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ കയറി ഷൊർണ്ണൂരിൽ ഇറങ്ങുകയും അവിടെനിന്ന് പിറകിൽ വന്ന ട്രെയിനിൽ കയറി കൊല്ലം പുനലൂർ റെയിൽവെ സ്റ്റേഷനിൽ  ഇറങ്ങുകയുമായിരുന്നു.

പുനലൂർ റെയിൽവെ സ്റ്റേഷനിൽ പോലീസാണ് ആതിരയെ കണ്ടെത്തി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. വിവരം ലഭിച്ചതനുസരിച്ച് കാഞ്ഞങ്ങാട്ടു നിന്ന് ബന്ധുക്കളും പോലീസും പുനലൂരിലെത്തിയാണ് ആതിരയെ ഇന്നലെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. കേസ്സ് നിലവിലുള്ളതിനാൽ ആതിരയെ ഇന്നലെ  ജൂഡീഷ്യൽ മജിസ്ത്രേട്ട് മുമ്പാകെ  ഹാജരാക്കുകയും വീട്ടുകാർക്കൊപ്പം പോകാനും, ആതിരയ്ക്ക് ചികിത്സ നൽകാനും കോടതി ഉത്തരവിട്ടു.

പിന്നീട് യുവതിയെ കാഞ്ഞങ്ങാട്ടെ മാനസിക രോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിച്ചുവെങ്കിലും,  ക്ലിനിക്കിൽ നിന്ന് യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ വീണ്ടും  പോലീസ് സ്റ്റേഷനിൽ തന്നെ എത്തിച്ചു. കൈകൾ രണ്ടും പിറകിൽ കൂട്ടിക്കെട്ടി യുവതിയെ ബന്ധനസ്ഥയാക്കിയശേഷം രാത്രി 8 മണിയോടെ ആംബുലൻസിൽ മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയി.

പ്ലസ്ടുവരെ പഠിപ്പിച്ചിട്ടുണ്ടെന്ന് ആതിര പോലീസ് സ്റ്റേഷൻ പരിസരത്ത് ലേറ്റസ്റ്റിനോട് പറഞ്ഞു. രാത്രി പോലീസ് സ്റ്റേഷൻ പരിസരത്ത് യുവതി ബന്ധുക്കളോടും മറ്റും വല്ലാതെ കയർത്തു സംസാരിക്കുകയായിരുന്നു. ആതിരയുടെ ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാമതും വിവാഹിതയായെങ്കിലും, ആ ബന്ധവും യുവതിക്കുണ്ടായ മാനസിക വെല്ലുവിളി മൂലം വേർപിരിഞ്ഞുനിൽക്കുകയാണ്.

അതിനിടയിലാണ് ആതിര കഴിഞ്ഞ ദിവസം രാത്രി പാതിരായ്ക്ക് വീടുവിട്ടിറങ്ങി കൊല്ലത്തെത്തിയത്. മാനസിക വെല്ലുവിളിമൂലം അസമയങ്ങളിലും മറ്റും ഇറങ്ങിപ്പോകുന്ന രോഗികളെ സെല്ലിൽ താമസിപ്പിച്ച് ചികിത്സ നൽകാനുള്ള സൗകര്യം  ഫാദർ മുള്ളേഴ്സ്  ആശുപത്രിയിലുണ്ട്.

LatestDaily

Read Previous

വ്യാജരേഖ ചമച്ച  വിദ്യക്കെതിരെ  ക്രിമിനൽക്കേസ്, വിദ്യ തൃക്കരിപ്പൂർ  മണിയനൊടി സ്വദേശിനി ∙ കരിന്തളം കോളേജിലും തട്ടിപ്പ് നടന്നു

Read Next

പ്രകൃതിവിരുദ്ധ പീഡനക്കേസ്സിൽ ലീഗ് നേതാവിനെ കണ്ടെത്താനായില്ല