പ്രഭാകർ നൊണ്ടയുടേത് ക്വട്ടേഷൻ കൊല: പ്രതിഫലം 15 ലക്ഷം

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: മഞ്ചേശ്വരം  പൈവളിഗെയിൽ പ്രഭാകർ നൊണ്ടയെ കൊലപ്പെടുത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘം, ക്വട്ടേഷൻ ഏറ്റെടുത്തത് 15 ലക്ഷം രൂപയ്ക്ക്. പ്രഭാകര നൊണ്ടയുടെ സഹോദരൻ ജയറാം നൊണ്ടയാണ് ഖാലിദ് എന്ന ഇടനിലക്കാരൻ വഴി ക്വട്ടേഷൻ നൽകിയത്.

സ്വത്ത് തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിലാണ് പൈവളിഗെ കൊമ്മങ്കള കളായിയിലെ പ്രഭാകര നൊണ്ടയെ 42, സഹോദരൻ ജയറാം നൊണ്ടയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. ജൂൺ 03-ന് പുലർച്ചെയാണ് പ്രഭാകര നൊണ്ടയെ വീടിന് സമീപത്തെ വിറകുപുരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രഭാകര നൊണ്ടയുടെ സഹോദരൻ ജയറാം നൊണ്ടയടക്കമുള്ള ആറംഗ സംഘത്തെ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്തെ പീടികയിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കളത്തൂർ ചെക്ക്പോസ്റ്റിന് സമീപത്തെ മുഹമ്മദ് ഷെരീഫ് 41, കളത്തൂർ പള്ളം അറോളി വില്ലയിലെ ഹമീദ് എന്ന അമ്മി 41, കളത്തൂർ പള്ളത്തെ അബ്ബാസിന്റെ മകൻ അബ്ദുൾ കരീം മൊഗ്രാൽ പുത്തൂർ ചായിത്തോട്ടെ വീട്ടിൽ അബ്ദുള്ളയുടെ മകൻ ഇസ്മായിൽ 28, ക്വട്ടേഷൻ ഇടനിലക്കാരനായ അട്ടഗോളിയിലെ ഇബ്രാഹിമിന്റെ മകൻ ഖാലിദ്, ജയറാം നൊണ്ട എന്നിവരെയാണ് പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

ഇടനിലക്കാരനായ ഖാലിദൊഴിച്ച് ബാക്കിയുള്ള 5 പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കളത്തൂരിലെ അബ്ദുൾ കരീമെന്ന സലീമാണ് ക്വട്ടേഷൻ സംഘത്തിന്റെ തലവൻ. കാസർകോട് ഡിവൈഎസ്പി, പി.കെ. സുധാകരന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഐ.പി, രജീഷ് തെരുവത്തെ പീടികയിൽ അടങ്ങുന്ന സംഘമാണ് കൊല നടന്ന് രണ്ടു ദിവസത്തിനുള്ളിൽ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട മൂന്ന് പേരെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ നിന്നാണ് പിടികൂടിയത്. കൊല നടത്താനുപയോഗിച്ച ആയുധങ്ങൾ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ 6 പ്രതികളെയും കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

രാസപരിശോധനാ ഫലം വൈകുന്നതിൽ ആശങ്ക

Read Next

കാഞ്ഞങ്ങാട്ട്  സ്വർണ്ണവേട്ട; 858.38 ഗ്രാം സ്വർണ്ണം പിടികൂടി