കലശത്തിനിടെ സംഘർഷം; മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

സ്വന്തം ലേഖകൻ

നീലേശ്വരം: മന്ദംപുറത്ത് കാവ് കലശ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ മൂന്ന് പേർക്കെതിരെ നീലേശ്വരം പോലീസ് നരഹത്യാശ്രമത്തിന് കേസ്സെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് നീലേശ്വരം എഫ്സിഐ ഗോഡൗണിന് സമീപം എൻകെബിഎം ആശുപത്രിക്ക് മുന്നിലാണ് മൂന്നംഗ സംഘം യുവാവിനെ തടഞ്ഞുനിർത്തി ആണി തറച്ച പലക കൊണ്ട് തലയ്ക്കടിച്ചത്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുദ്യോഗസ്ഥനെയും യുവാക്കൾ കൈയ്യേറ്റം ചെയ്തു.

നീലേശ്വരം പാലായി കടവത്ത് ഹൗസിൽ അമ്പാടിയുടെ മകൻ കെ. അനീഷിനെയാണ് 34, നീലേശ്വരം ചിറപ്പുറം സുധീഷ് നിവാസിൽ സി. സുകുമാരന്റെ മകൻ സി. സുധീഷ് 26, ചേടിറോഡ് ചിറക്കര വീട്ടിൽ പി. വേണുവിന്റെ മകൻ നവനീത് 22, ചേടിറോഡ് മണ്ഡലം വീട്ടിൽ സുകുമാരന്റെ മകൻ കിഷോർ 28 എന്നിവർ ചേർന്ന് മർദ്ദിച്ചത്. അനീഷിനെ തടഞ്ഞുനിർത്തി നിലത്ത് തള്ളിയിട്ട സംഘം ആണിയടിച്ച മരപ്പലക കൊണ്ട് മുഖത്തും തലയിലും അടിക്കുകയായിരുന്നു.

നാട്ടുകാരും പോലീസും ഓടിയെത്തിയാണ് അക്രമികളെ പിടിച്ചുമാറ്റിയത്. അക്രമികളെ പിടിച്ചുമാറ്റാനെത്തിയ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അമൽ രാമചന്ദ്രനെയും 39 യുവാക്കൾ കൈയ്യേറ്റം ചെയ്തു. കെ. അനീഷിന്റെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ നീലേശ്വരം പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്. അമൽ രാമചന്ദ്രന്റെ പരാതിയിൽ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസ്സും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

പ്രഭാകർ നൊണ്ട കൊലപാതകം: ഒരാൾ അറസ്റ്റിൽ

Read Next

യുവ വനിതാ ഡോക്ടർ തൂങ്ങിമരിച്ചു