ഗഫൂർഹാജി മരണം: പോലീസ് കൂരിരുട്ടിൽ

സ്വന്തം ലേഖകൻ

ബേക്കൽ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി എം.സി.അബ്ദുൾ ഗഫൂർ ഹാജിയുടെ 55,  ദുരൂഹമരണത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള രാസപരിശോധനാഫലം ഒരുമാസമായിട്ടും ലഭിച്ചില്ല. ഏപ്രിൽ 27-നാണ് ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റമാർട്ടം ചെയ്തത്. ഏപ്രിൽ 14-ന് പുലർച്ചെയാണ് ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയസ്തംഭനമാകാമെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പൂച്ചക്കാട്ടെ വലിയ ജുമാ മസ്ജിദ് പള്ളിപ്പറമ്പിൽ സംസ്ക്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗഫൂർ ഹാജി സൂക്ഷിച്ചിരുന്ന 600 പവൻ സ്വർണ്ണം കാണാതായ വിവരം ബന്ധുക്കൾ അറിഞ്ഞത്.

തുടർന്ന് അബ്ദുൾ ഗഫൂർ ഹാജിയുടെ മകൻ പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബേക്കൽ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഏപ്രിൽ 27-ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. മൃതശരീരത്തിന്റെ ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ലാബിൽ പരിശോധനയ്ക്കയച്ചുവെങ്കിലും പരിശോധനാഫലം ഇനിയും നീളുമെന്നാണ് സൂചന. ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ സ്വർണ്ണാഭരണം അന്വേഷിച്ച് പോലീസ് ദിവസങ്ങൾക്കകം പൂച്ചക്കാട്ടെ ഹാജിയുടെ വീട്ടുപ്പറമ്പിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും  ഒന്നും കണ്ടെത്താനായില്ല. ഗഫൂർ ഹാജിയുമായി അടുത്ത പരിചയമുള്ള ജിന്ന് യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഹണിട്രാപ്പ് തട്ടിപ്പ് കേസിലടക്കം നേരത്തെ പ്രതിയായ ജിന്ന് യുവതി ഗഫൂർ ഹാജിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ മരണത്തിന് തലേദിവസം സന്ദർശനം നടത്തിയിരുന്നു. സ്വർണ്ണം പോയ വഴി ഇതാണെന്നും നാട്ടുകാർ സംശയിക്കുന്നു. യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ സ്വർണ്ണത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.

ജിന്ന് യുവതിയും മരണപ്പെട്ട ഗഫൂർ ഹാജിയും തമ്മിൽ ഫോണിൽ നിരന്തരം സംഭാഷണം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവയിലേറെയും വാട്സ്ആപ്പ് കോളുകളായിരുന്നു. ഗഫൂർ ഹാജിയുടെ മരണവും സ്വർണ്ണം കാണാതായ സംഭവവും തമ്മിൽ ബന്ധമുണ്ടന്നാണ്  ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നത്. ജിന്ന് യുവതിയെ നുണപരിശോധനയ്ക്കോ, ബ്രെയിൻ മാപ്പിങ്ങ് പരിശോധനയ്ക്കോ വിധേയമാക്കിയാൽ സത്യം പുറത്തു വരുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

ഗഫൂർ ഹാജിയുടെ മരണത്തിന് കാരണം ഹൃദയസ്തംഭനമാണോ അതോ കൊലപാതകമാണോയെന്ന് തിരിച്ചറിയാൻ രാസപരിശോധനാഫലം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. പരിശോധനാഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ അറിയിച്ചു.

LatestDaily

Read Previous

വീണ്ടുമൊരു നോട്ട് നിരോധനം

Read Next

യുവനടിയുടെ രഹസ്യമൊഴി റിട്ട.ഡിവൈസ്പിക്ക് വിനയാകും