വീണ്ടുമൊരു നോട്ട് നിരോധനം

പൂഴ്്ത്തിവെച്ച കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ നോട്ട് നിരോധനമേർപ്പെടുത്തി ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ബാങ്കുകൾക്ക് മുന്നിൽ വരി നിർത്തിച്ച് കൊന്ന ഹിമാലയൻ മണ്ടത്തരത്തിന് ശേഷം പുതുതായി നിലവിൽ വന്ന രണ്ടായിരം രൂപയുടെ കറൻസികൾ കൂടി പിൻവലിച്ച് രസിക്കുകയാണ് റിസർവ്വ് ബാങ്കും ഭരണകൂടവും.

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്്വ്യവസ്ഥയ്ക്കുണ്ടാക്കിയ ആഘാതങ്ങൾ ചില്ലറയൊന്നുമല്ല. പൂഴ്്ത്തിവെച്ച കള്ളപ്പണം പിടികൂടാൻ പ്രധാനമന്ത്രി റിസർവ്വ് ബാങ്കിനോടും ധനമന്ത്രാലയത്തോടും ആലോചിക്കാതെയെടുത്ത തീരുമാനമായിരുന്നു നോട്ട് പിൻവലിക്കൽ.

എലിയെപ്പേടിച്ച് ഇല്ലം ചുട്ടതിന് സമാന നടപടിയായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ പിൻവലിച്ച് പുതുതായി അച്ചടിച്ച രണ്ടായിരം രൂപാ നോട്ടിന്റെ ഗുണഗണങ്ങളെ വർണ്ണിച്ച കേന്ദ്ര ഭരണാനുകൂലികൾ നടത്തിയ അത്ഭുത കഥകൾ അനവധിയായിരുന്നു. രണ്ടായിരത്തിന്റെ ഇന്ത്യൻ കറൻസിയിൽ ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം വരെയുണ്ടെന്ന് തട്ടിവിട്ടവരുമുണ്ട്. രണ്ടായിരം രൂപയുടെ ഇന്ത്യൻ കറൻസി സാധാരണ കറൻസിയാണെന്ന് പിന്നീട് തെളിഞ്ഞു.

ഇന്ത്യൻ സമ്പദ്്വ്യവസ്ഥയുടെ അടിക്കല്ലിളക്കിയ നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്നാണ് ഇന്ത്യൻ അനുഭവം. അനുഭവത്തിൽ നിന്നും പാഠം പഠിക്കാത്തവരാണ് ഇന്ത്യയിലെ ഭരണാധികാരികളെന്ന് രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചതിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അഭിനവ ഇന്ത്യൻ തുഗ്ലക്കുമാർ സമ്പദ്്വ്യവസ്ഥയെ കുരങ്ങന്റെ കയ്യിലെ പൂമാല പോലെയാക്കിയിരിക്കുകയാണെന്ന് വേണം പറയാൻ.

സാധാരണക്കാരന് പ്രാപ്യമായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച് രണ്ടായിരം രൂപയുടെ പുതിയ കറൻസി അച്ചടിച്ചിറക്കിയത് മൂലമുള്ള ബുദ്ധിമുട്ടുകൾ അനവധിയായിരുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനം വീണ്ടുവിചാരമില്ലായ്മയിൽ നിന്നുണ്ടായതാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് രണ്ടായിരം രൂപ  കറൻസി പിൻവലിച്ച നടപടി. നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന് സമാനമായ കറൻസി റിസർവ്വ് ബാങ്കിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ട് നിരോധനം എന്തിനായിരുന്നുവെന്ന ചോദ്യം ഉത്തരം കിട്ടാതെ അലയുകയാണ്.

ഏഴ് വർഷം മുമ്പാണ് ഇന്ത്യയിൽ രണ്ടായിരം രൂപയുടെ ഇന്ത്യൻ കറൻസി റിസർവ്വ് ബാങ്ക് അച്ചടിച്ചിറക്കിയത്. പത്ത് വർഷം പോലും തികയുന്നതിന് മുമ്പേ ഇൗ കറൻസി റിസർവ്വ് ബാങ്കിന് പിൻവലിക്കേണ്ടതായും വന്നു. ഇന്ത്യൻ സമ്പദ്്വ്യവസ്ഥയെ തുലച്ചുകളഞ്ഞ നോട്ടുനിരോധനത്തിന്റെ സ്മാരകമായ രണ്ടായിരം രൂപാ  നോട്ടുകൾ കൂടി പിൻവലിക്കുമ്പോൾ പറ്റിയ മണ്ടത്തരം പൊതുജനത്തോട് സമ്മതിക്കാനെങ്കിലും കേന്ദ്ര ഭരണകൂടം തയ്യാറാകണം.

രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത് സ്വാഭാവിക നടപടിയാണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ന്യായീകരണം. റിസർവ്വ് ബാങ്ക് സ്വതന്ത്ര സംവിധാനമാണെന്ന വാദമുയർത്തി തടിയൂരാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി പ്രധാനമന്ത്രി നടത്തിയ നോട്ടുനിരോധന പ്രഖ്യാപനം റിസർവ്വ് ബാങ്ക് ഗവർണ്ണറുമായി കൂടിയാലോചിക്കാതെയാണെന്ന കാര്യം സൗകര്യപൂർവ്വം മറന്നു. നോട്ടുനിരോധനത്തിന്റെ ഭാഗമായി ക്യൂവിൽ നിന്ന് കുഴഞ്ഞുവീണും തല്ലുകൊണ്ടും മരിച്ചവർ ശതകോടീശ്വരന്മാരായിരുന്നില്ലെന്ന് ഭരണാധികാരികൾ തിരിച്ചറിയണം.

LatestDaily

Read Previous

പോക്സോ: മുസ്്ലീം ലീഗ് പഞ്ചായത്ത് അംഗവും കൂട്ടാളിയും ഒളിവിൽ

Read Next

ഗഫൂർഹാജി മരണം: പോലീസ് കൂരിരുട്ടിൽ