ബഷീർ വെള്ളിക്കോത്തിന്റെ വ്യാജ  പ്രചരണം തെളിയിക്കാൻ വെല്ലുവിളി

കാഞ്ഞങ്ങാട്‌: കർണ്ണാടക തിരഞ്ഞെടുപ്പ്‌ ഫലവുമായി ബന്ധപ്പെട്ട്‌  ബഷീർ വെള്ളിക്കോത്ത്‌ നടത്തിയ  ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച്‌ എസ്ഡിപിഐ ഭാരവാഹി സബീൽ മീനാപ്പീസ്‌. ദക്ഷിണകന്നഡ തീരദേശത്തെ അഞ്ച്‌  മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥി വോട്ട്‌ പിടിച്ചതിനാൽ ബിജെപി ജയിച്ചുവെന്നായിരുന്നു’ ബഷീർ വെള്ളിക്കോത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ മാണിക്കോത്ത്‌ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെഎം ഷാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത  മുസ്ലിംലീഗ്‌ പൊതുയോഗത്തിലായിരുന്നു ബഷീറിന്റെ പ്രസംഗം. എന്നാൽ ഇദ്ദേഹത്തിന്റെ വാദങ്ങൾ‌ തികച്ചും അടിസ്ഥാന രഹിതവും ദുഷ്ടലാക്കോടെയുള്ള സംഘടിത കുപ്രചരണത്തിന്റെ ഭാഗമാണെന്നും സബീൽ പറഞ്ഞു.

കർണ്ണാടക തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വെബ്സൈറ്റിൽ 2023-ലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മണ്ഡലങ്ങളുടെയും വിശദ വിവരങ്ങൾ‌ ലഭ്യമാണെന്നിരിക്കെ ബഷീർ വെള്ളിക്കോത്ത്‌ ഉന്നയിച്ച ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും തെളിയിച്ചാൽ തന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിപ്പിക്കുമെന്നും എസ്‌ഡിപിഐ മണ്ഡലം ഭാരവാഹി കൂടിയായ സബീൽ പറഞ്ഞു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകൾ പൊതുയോഗങ്ങളിൽ പോലും യാതൊരു സാമാന്യ മര്യാദയുമില്ലാതെ  കള്ള പ്രചരണം ആവർത്തിക്കുമ്പോൾ  കേൾക്കുന്നവരെല്ലാം ലീഗ്‌ അണികളല്ല എന്ന സാമാന്യ ബോധമെങ്കിലും ഇത്തരക്കാർക്ക്‌ ഉണ്ടാവണം. ഈ ആരോപണം തെളിയിക്കാനായില്ലെങ്കിൽ ബഷീർ വെള്ളിക്കോത്ത്‌ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ചോദിച്ചു.

Read Previous

കാർ മതിലിടിച്ച് തകർത്തു

Read Next

രാജസ്ഥാൻ സ്വദേശിനിയെ കാണാനില്ല