കർണ്ണാടകവിജയം കേരളത്തിൽ കോൺഗ്രസിന് ഉത്തേജനം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ദേശീയ തലത്തിൽ കോൺഗ്രസിനും മറ്റുപ്രതിപക്ഷ പാർട്ടികൾക്കും ബി.ജെ.പിയെ നേരിടാനുള്ള മനോബലമാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെങ്കിൽ കേരളത്തിൽ ഇടതു മുന്നണിയെ നേരിടാനുള്ള ഉത്തേജനം കൂടിയാണ് കർണ്ണാടക ഫലം.

ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന്റെ ആവേശമായി മാറിയ രാഹുൽഗാന്ധി ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലം ഉൾപ്പെട്ട കേരളത്തെയും കർണ്ണാടകഫലം സ്വാധീനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് നില നിർണ്ണയിക്കുന്നതിൽ കർണ്ണാടകഫലം ഒരുഘടകമായി മാറുകയാണ്.

ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായിരുന്ന തുടർച്ചയായ പരാജയത്തിലും സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ തുടർ ഭരണത്തിലും തകർന്ന കോൺഗ്രസിന് ജീവശ്വാസം നൽകുന്നതാണ്, കർണ്ണാടകയിൽ കോൺഗ്രസിനുണ്ടായ തകർപ്പൻ വിജയം. നരേന്ദ്രമോദിയെയും ബി.ജെ.പിയെയും നേരിടാൻ രാഹുൽഗാന്ധിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് 19-സീറ്റുകൾ നേടാനായത്. ഇതിലൂടെ ചരിത്ര നേട്ടമായിരുന്നു കേരളത്തിൽ യു.ഡി.എഫിനുണ്ടായത്. എന്നാൽ മറ്റിടങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞ തോടെ കേരളത്തിൽ കൈവരിച്ച നേട്ടം അസ്ഥാനത്തായി. പിന്നാലെ ഇടതു മുന്നണി തുടർഭരണവും നേടി. ഇതോടെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി തിരിച്ച് വരവ് ഉറപ്പിച്ചതാണ്.

എന്നാൽ ജോഡോ യാത്ര നൽകിയ ഉണർവ്വിന്റെ തുടർച്ചയായി കർണ്ണാടകയിലെ ഉജജ്വല വിജയവും കൂടി ചേരുമ്പോൾ കേരളത്തിലെ കാര്യങ്ങൾ ഒരിക്കൽ കൂടി മാറി മറയുകയാണ്. കേരളത്തിനോട് ചേർന്ന വലിയ സംസ്ഥാനമായ കർണ്ണാടകയിൽ വലിയ ഭൂരിപക്ഷത്തിന് മുന്നേറാൻ രാഹുൽഗാന്ധിക്കും കോൺഗ്രസിനും കഴിഞ്ഞത് യു.ഡി.എഫിന് കേരളത്തിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കർണ്ണാടക ഫലം ദേശീയ തലത്തിലുണ്ടാക്കിയ ഉണർവ്വ് വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ 2019-ലെന്ന പോലെ കേരളത്തിൽ മേൽക്കൈ നേടാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇപ്പോൾ എത്തി നിൽക്കുന്നത്.

ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിനെ ഉൾക്കൊള്ളാൻ പറ്റില്ലെന്നതാണ് സി.പി.എമ്മിന്റെ വാദം. രാജ്യത്താകെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരും ബി.ജെ.പിയിലേക്ക് ചേക്കേറുന്ന പതിവ് സാഹചര്യത്തിൽ സി.പി.എമ്മിന്റെ വാദത്തിൽ കഴമ്പുണ്ടെങ്കിലും കർണ്ണാടകവിജയം കോൺഗ്രസിന് നൽകുന്ന ഉത്തേജനം അതിലും വലുതാണ്. കർണ്ണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പിൽ നിന്ന് നയിച്ച അങ്കത്തിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.

അതേസമയം കർണ്ണാടകയിൽ സി.പി.എം. മൽസരിച്ച നാലിടത്തും സി.പി.ഐ. മൽസരിച്ച ഏഴിടങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. രണ്ടിടത്ത് കോൺഗ്രസിനോടും രണ്ടിടത്ത്  ബി.ജെ.പിയോടുമാണ്  സിപിഎം പരാജയപ്പെട്ടത്. ബി.ജെ.പിയോട് ജയിക്കാൻ കോൺഗ്രസിനാവില്ലെന്ന ഇടതു പ്രചാരണമാണ്. കർണ്ണാടക ഫലത്തോടെ അസ്ഥാനത്തായത്.

LatestDaily

Read Previous

ബോട്ട് സ്രാങ്കുമാർ പലർക്കും ലൈസൻസില്ല

Read Next

ബൈക്ക് മറിഞ്ഞ് യുവതിമരിച്ചു