നീലേശ്വരം പള്ളി തർക്കം കൈയ്യാങ്കളിയിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: മാർക്കറ്റ് തർബീയത്തുൽ ഇസ്ലാം സഭാ ഭരണം വഖഫ് ബോർഡ് നിയമിച്ച മുതവല്ലിക്ക് കൈമാറാതെ ജമാഅത്ത് കമ്മിറ്റിയുടെ ഒളിച്ചുകളി. പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കണ്ടെത്തിയതിനെത്തുടർന്നാണ് ജമാഅത്ത് കമ്മിറ്റിയിൽ നിന്നും ഭരണം താൽക്കാലിക മുതവല്ലിക്ക് കൈമാറിയത്.

അധികാരമേറ്റെടുത്തെങ്കിലും ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ താക്കോൽ മുതവല്ലിക്ക് കൈമാറിയിട്ടില്ല. മഹല്ല് നിവാസികൾ താക്കോൽ ആവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ സമീപിച്ചതോടെ പ്രശ്നം സംഘട്ടനത്തിൽ കലാശിച്ചു. താക്കോൽ ആവശ്യപ്പെട്ട ചിറമ്മൽ ഹൗസിൽ മജീദിന്റെ മകൻ സി.എച്ച്.റംഷീദിനെയാണ് ജമാഅത്ത് സെക്രട്ടറി ടി.സുബൈറടങ്ങുന്ന സംഘം പള്ളിമുറ്റത്ത് മർദ്ദിച്ചത്.

2023 മാർച്ച് 15നാണ് തർബീയത്തുൽ ഇസ്ലാം സഭ വഖഫ് ബോർഡ്  പിരിച്ചുവിട്ടത്. ജമാഅത്ത് കമ്മിറ്റി വഖഫ് ബോർഡ് ചുമതലപ്പെടുത്തിയ താൽക്കാലിക മുതവല്ലിക്ക് അധികാരം കൈമാറാൻ നിർദ്ദേശമുണ്ടെങ്കിലും പിരിച്ചുവിടപ്പെട്ട ജമാഅത്ത് കമ്മിറ്റി ഉത്തരവ് അനുസരിച്ചിട്ടില്ല. ജമാഅത്ത് കമ്മിറ്റിയുടെ രേഖകളോ ഓഫീസിന്റെ താക്കോലോ ഇതുവരെ കൈമാറാത്ത സാഹചര്യത്തിലാണ് മഹല്ല് നിവാസികൾ സംഘടിച്ചെത്തി താക്കോലാവശ്യപ്പെട്ടത്.

ജമാഅത്ത് സെക്രട്ടറി ടി.സുബൈർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  മന്ദംപുറത്തെ മുഹമ്മദ്കുഞ്ഞി, ടി.സുബൈറിന്റെ ബന്ധുക്കളായ മുഹമ്മദ് ടി, നൗഫൽ, താജുദ്ദീൻ എന്നിവരാണ് താക്കോലാവശ്യപ്പെട്ട സി.എച്ച് റംഷീദിനെ കയ്യേറ്റം  ചെയ്തത്. സംഭവത്തിൽ നീലേശ്വരം പോലീസ് പ്രതികൾക്കെതിരെ കേസ്സെടുത്തു.

വഖഫ് ബോർഡ് ഉത്തരവ് ധിക്കരിച്ച നീലേശ്വരം തർബീയത്തുൽ ഇസ്ലാം സഭയുടെ നിലപാട് വഖഫ് ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുൾ റഹ്മാന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജുഡീഷ്യൽ അധികാരമുള്ള വഖഫ് കമ്മീഷന്റെ ഉത്തരവുകളടക്കമാണ് നീലേശ്വരം തർബീയത്തുൽ ഇസ്ലാം സഭ ജമാഅത്ത് ഭാരവാഹികൾ ധിക്കരിച്ചത്.  

LatestDaily

Read Previous

കോട്ടച്ചേരി ബസ്റ്റാന്റിൽ മദ്യക്കച്ചവടം

Read Next

വികസനത്തിന്റെ രക്തസാക്ഷിയായി രത്നാകരൻ