മലഞ്ചരക്ക് കടയിൽ മദ്യവിൽപ്പന

സ്വന്തം ലേഖകൻ

രാജപുരം: മലഞ്ചരക്ക് കടയുടെ മറവിൽ നടത്തിയിരുന്ന മദ്യവിൽപ്പന രാജപുരം പോലീസ് പിടികൂടി. പാണത്തൂർ ചാമുണ്ഡിക്കുന്ന് എൻഎൻഎസ് കരയോഗ മന്ദിരത്തിന്റെ കെട്ടിടത്തിന് താഴെ പ്രവർത്തിച്ചിരുന്ന മംഗലത്ത് ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനം കേന്ദ്രമാക്കിയാണ് കർണ്ണാടക നിർമ്മിത വിദേശ മദ്യത്തിന്റെ വ്യാപാരം നടന്നിരുന്നത്.

രാജപുരം പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് കടയുടമയുടെ കാറിനുള്ളിൽ നിന്നും കടയ്ക്കുള്ളിൽ നിന്നുമായി 30 പായ്ക്കറ്റ് കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടിയത്.

സുരേഷ് കുറുപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മലഞ്ചരക്ക് വ്യാപാര സ്ഥാപനം. ഇദ്ദേഹത്തിന്റെ കെ.എൽ 24 എഫ് 4200 നമ്പർ കാറിനുള്ളിൽ നിന്നും കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നുമാണ് അഞ്ചര ലിറ്ററോളം കർണ്ണാടക മദ്യം പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ സുരേഷ് കുറുപ്പ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ രാജപുരം പോലീസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

ഗഫൂർ ഹാജിയുടെ മരണം: രാസപരിശോധനാഫലം ഉടൻ

Read Next

കാഞ്ഞങ്ങാട്ട് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുമ്പേ വിവാദം