റിട്ട ഡി.വൈ.എസ്.പിക്ക് സി.പി.എം സഹായം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സീരിയൽ നടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച റിട്ടയേഡ് ഡി.വൈ.എസ്.പിക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്തതിന് പിന്നിൽ ഇടതു നേതാക്കളുടെ സമ്മർദ്ദമെന്ന് രഹസ്യ സൂചന. ഇടതു സഹയാത്രികനായ റിട്ടയേഡ് ഡി.വൈ.എസ്.പി, പി.വി. മധുസൂദനനെതിരെ കൊല്ലം സ്വദേശിനിയായ സിനിമ നടി നൽകിയ  പരാതിയിൽ ബേക്കൽ പോലീസാണ് മാനഭംഗ ശ്രമത്തിന് കേസെടുത്തത്.

ഇദ്ദേഹത്തെ രക്ഷിക്കാൻ ഉന്നത തല സമ്മർദ്ദങ്ങളുണ്ടായെന്നാണ് സൂചന. സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനുമായി അടുത്ത ബന്ധമുള്ളവരാണ് വി. മധുസൂദനനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയതെന്ന് ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുമ്പ്  ചെറുവത്തൂരിന് സമീപം വയൽ മണ്ണിട്ട് നികത്തി ഇദ്ദേഹം ഹോട്ടൽ നിർമ്മാണമാരംഭിച്ചപ്പോൾ ഡി.വൈ.എഫ്.ഐ സ്ഥലത്ത് കൊടി നാട്ടിയിരുന്നു. അന്ന് മുതലാണ് വി. മധുസൂദനൻ ഇടതു സഹയാത്രികനായത്. ചെറുവത്തൂരിന് സമീപം മയ്യിച്ചയിൽ ദേശീയപാതയ്ക്കരികിൽ ഇദ്ദേഹത്തിന് കോടികൾ വില മതിക്കുന്ന സ്വത്തുണ്ട്.

ഏപ്രിൽ 29- ന് പെരിയ കല്യോട്ടെ സ്വന്തം ഹോംസ്റ്റേയിലാണ് വി. മധുസൂദനൻ കൊല്ലം ജില്ലക്കാരിയായ സിനിമ നടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. നടിയെ പെരിയയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ ആൽബം നിർമ്മാണ പങ്കാളി കൂടിയായ യുവാവാണ്  ആൻഡ്രോയിഡ്  കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും മുതലായ സിനിമകളിൽ അഭിനയിച്ച വി. മധുസൂദനൻ അത്യാവശ്യം അറിയപ്പെടുന്ന സിനിമാനടൻ കൂടിയാണ്.

തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശിയായ റിട്ടയേഡ് ഡി.വൈ.എസ്.പി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വാങ്ങിയതിന്റെ വരുമാന സ്രോതസിനെക്കുറിച്ചും സംശയമുണ്ട്.

മാനഭംഗം, ബലാത്സംഗം എന്നിവ സംബന്ധിച്ച പരാതികളിൽ പരാതി ലഭിക്കുന്ന സ്റ്റേഷനുകളിൽ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം. പരാതികളിൽ കേസെടുക്കാൻ കാലതാമസമുണ്ടാകരുതെന്നും സർക്കാർ നിർദ്ദേശമുണ്ടെങ്കിലും റിട്ടയേഡ് ഡി.വൈ.എസ്.പിക്കെതിരെ കൊല്ലം സ്വദേശിനി നല്കിയ പരാതിയിൽ കേസെടുക്കാതെ അവരെ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയാണ് ഹൊസ്ദുർഗ് പോലീസ് ചെയ്തത്.

കേസ് ഒത്തുതീർപ്പാക്കാനുള്ള സാധ്യതകൾ തേടിയാണ് കൊല്ലം സ്വദേശിനിയുടെ പരാതിയിൽ റിട്ടയേഡ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുക്കാൻ പോലീസ് ബോധപൂർവ്വം കാലതാമസമുണ്ടാക്കിയത്.

LatestDaily

Read Previous

സിനിമാ നടിയുടെ രഹസ്യമൊഴിയും വൈകുന്നു

Read Next

അരുണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും