ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : റിട്ടയേർഡ് ഡിവൈഎസ്പി തൃക്കരിപ്പൂർ ഇയ്യക്കാട്ടെ വി. മധുസൂദനൻ പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ ഇരയായ കൊല്ലം സിനിമാ നടിയുടെ രഹസ്യ മൊഴിയും വൈകുന്നു. ഏപ്രിൽ 29-ന് ശനിയാഴ്ച രാത്രി 8 മണിയോടെയാണ് പെരിയ നാലേക്ര എന്ന സ്ഥലത്തുള്ള മധുസൂദനന്റെ സ്വന്തം ഹോംസ്റ്റേയിൽ സിനിമാ നടി ലൈംഗിക പീഡനശ്രമത്തിനിരയായത്.
ഇൗ സംഭവത്തിൽ ആ രാത്രിയിൽ തന്നെ നടി ഹൊസ്ദുർഗ്ഗ് പോലീസിലും ബേക്കൽ പോലീസിലും നേരിട്ടെത്തി പരാതി പറഞ്ഞുവെങ്കിലും, ഹൊസ്ദുർഗ്ഗ് പോലീസും ബേക്കൽ പോലീസും അന്ന് രാത്രി കേസ്സ് റജിസ്റ്റർ ചെയ്തിരുന്നില്ല.
രാത്രി 9 മണിയോടെ കാഞ്ഞങ്ങാട്ടെ ആൽബം സംവിധായകനൊപ്പം ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെത്തിയ യുവതിയിൽ നിന്ന് അപ്പോൾത്തന്നെ മൊഴിയെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതിന് പകരം ബേക്കൽ പരിധിയിലാണ് സംഭവം നടന്നതെന്ന കാരണം പറഞ്ഞ് സിനിമാ നടിയെ രാത്രിയിൽ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിടുകയാണ് ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ചെയ്തത്.
ഇത് പാടില്ലാത്തതാണ്. കേരളത്തിലെ ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യം നടന്നാലും മറ്റു ഏതുപോലീസ് സ്റ്റേഷനിൽ പരാതി നൽകിയാലും കാലതാമസമൊട്ടും പാടില്ലാതെ കേസ്സ് റജിസ്റ്റർ ചെയ്യുകയും, എഫ്ഐആർ പിന്നീട് കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്.
ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ പ്രത്യേക സർക്കുലർ തന്നെയുണ്ട്. രാത്രി 10 മണിക്ക് പരാതി പറയാൻ ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിയ സിനിമാ നടിയുടെ മൊഴി ബേക്കലിൽ അന്ന് രാത്രി ചുമതലയിലുണ്ടായിരുന്ന സന്തോഷ് ഡോൺ എന്ന സീനിയർ പോലീസ് ഓഫീസർ പൂർണ്ണമായും രേഖപ്പെടുത്തി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോകുമ്പോഴാണ് മേലുദ്യോഗസ്ഥനായ ഇൻസ്പെക്ടർ എഫ്ഐആർ റജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശിച്ചത്.
പിറ്റേന്ന് 30-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പോലീസ് മേധാവി സംഭവത്തിലിടപെട്ട ശേഷമാണ് സിനിമാ നടിയുടെ പരാതിയിൽ ബേക്കൽ പോലീസ് എഫ്ഐആർ മനസ്സില്ലാ മനസ്സോടെ റജിസ്റ്റർ ചെയ്തത്. ഇൗ എഫ്ഐആറിൽ ഗുരുതര വീഴ്ചയും നടന്നു. വിജനമായ പെരിയ പാറപ്പുറത്തെ ഒരു വീട്ടിൽ രാത്രി അടച്ചിട്ട മുറിക്കുള്ളിൽ നടന്ന ബലാത്സംഗ ശ്രമത്തിൽ പ്രതിക്ക് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യം നൽകാവുന്ന 354 ഏ വകുപ്പ് ചേർത്താണ് ബേക്കൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ഇൗ എഫ്ഐആറിൽ ഹൊസ്ദുർഗ്ഗ് കോടതിയിലെത്തിയിട്ട് അഞ്ചുനാൾ പിന്നിട്ടിട്ടും യുവതിയുടെ രഹസ്യമൊഴി മജിസ്ത്രേട്ടിന് മുന്നിൽ രേഖപ്പെടുത്താനുള്ള നടപടികളിലും ബേക്കൽ പോലീസിൽ അമാന്തം തന്നെയാണ്. കോടതിയുടെ സമൻസ് കിട്ടിയാൽ സിനിമാ താരം വീണ്ടും കാഞ്ഞങ്ങാട്ടെത്തി അടച്ചിട്ട മുറിയിൽ മജിസ്ത്രേട്ടിന് മുന്നിൽ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ മൊഴിയായി നൽകണം.
ഇൗ മൊഴിയിൽ യുവതി സത്യം ബോധിപ്പിച്ചാൽ കേസ്സിൽ ഇന്ത്യൻ ശിക്ഷാ നിയമം 511 ഓഫ് 376 (ബലാത്സംഗ ശ്രമം) ഉൾപ്പെടുത്തേണ്ടി വരും. ബലാത്സംഗ ശ്രമം ഉൾപ്പെടുത്തിയാൽ ബേക്കൽ പോലീസിന് പ്രതി വി. മധുസൂദനനെ അറസ്റ്റ് ചെയ്യേണ്ടതായി വരും.