അരുണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായതിനെത്തുടർന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ ഒളിവിൽക്കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത കോട്ടയം കോതനല്ലൂർ സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകും.

കോതനല്ലൂർ വരകുകാലയിൽ ആതിര മുരളീധരൻ 26, ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണക്കാരനായ കോതനല്ലൂർ മുണ്ടയ്ക്കാൽ അരുൺ വിദ്യാധരനെയാണ് 32, ഇന്നലെ കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജ വിലാസത്തിൽ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്ത യുവാവ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ച പ്രതിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ആതിര മുരളീധരന്റെ മുൻ സുഹൃത്തായിരുന്നു അരുൺ വിദ്യാധരൻ. ആതിരയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് അരുൺ യുവതിയോടൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതോടെ വിവാഹത്തിൽ നിന്നും വരന്റെ വീട്ടുകാർ പിൻമാറി. ഇതിന്റെ മനോവിഷമത്തിലാണ് ആതിര മെയ് 1 ന് പുലർച്ചെ ജീവനൊടുക്കിയത്.

അരുണിനെതിരെ കോട്ടയം കടുത്തുരുത്തി പോലീസിൽ പരാതി നല്കിയ ശേഷമാണ് യുവതി ജീവനൊടുക്കിയത്. ഇതെത്തുടർന്നാണ് കടുത്തുരുത്തി പോലീസ് അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ നാട്ടിൽ നിന്നും മുങ്ങിയ യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. യുവാവിനെതിരെ ബുധനാഴ്ച പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെയാണ് ആത്മഹത്യ. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായതാണ് അരുൺ വിദ്യാധരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ലോഡ്ജ് മുറിക്കകത്ത് നിന്നും ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

LatestDaily

Read Previous

റിട്ട ഡി.വൈ.എസ്.പിക്ക് സി.പി.എം സഹായം

Read Next

പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും പോക്‌സോ കേസ്