റിട്ട. ഡിവൈഎസ്പിയുടെ മുറിയിൽ നടന്നത് ബലാത്സംഗ ശ്രമം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: റിട്ടയേർഡ് ഡിവൈഎസ്പി, മധുസൂദനന്റെ പെരിയ നാലേക്രയിലുള്ള  രഹസ്യ കേന്ദ്രത്തിൽ ഏപ്രിൽ 29-ന് ശനിയാഴ്ച രാത്രി നടന്നത് ബലാത്സംഗ ശ്രമം. കൊല്ലം യുവതിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്തത് വെറും സാധാരണ മാനഹാനിക്ക്.

ക്രൈം നമ്പർ 353/2023 അനുസരിച്ച് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത മാനഹാനി കേസ്സിൽ പ്രതിയുടെ അറസ്റ്റിന് പോലും സാധ്യതയില്ല. സാധാരണ മാനഭംഗ ശ്രമം 354 ഏ(ii) 354 എ-iv  ഐപിസി വകുപ്പാണ് ഈ കേസ്സിന്റെ  എഫ്ഐആറിൽ കാണുന്നത്. പൊതു സ്ഥലത്ത് നടന്നു പോകുന്ന ഒരു യുവതിയുടെ അഥവാ പെൺകുട്ടിയുടെ കൈയ്യിൽ തൊട്ടാൽ  പോലീസ് ചുമത്തുന്ന വകുപ്പാണ് മധുവിനെതിരായ എഫ്ഐആറിലുള്ളത്.

കേസ്സിലെ പ്രതി റിട്ട. ഡിവൈഎസ്പി, തൃക്കരിപ്പൂർ ഇയ്യക്കാട്ട വി. മധുസൂദനൻ, ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേന പെരിയ നാലേക്ര എന്ന സ്ഥലത്തുള്ള ഇദ്ദേഹത്തിന്റെ സ്വന്തം രഹസ്യ കേന്ദ്രത്തിലാണ് ഇരുപത്തിയെട്ടുകാരിയായ നടിയെ കയറിപ്പിടിക്കുകയും, കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടതും.

ബിയർ കഴിക്കാനും ഏസി മുറിയിൽ തന്നോടൊപ്പം ഉറങ്ങാനും യുവതിയെ ക്ഷണിച്ച മധുസൂദനൻ, യുവതി വഴങ്ങില്ലെന്ന് വന്നപ്പോൾ യുവതിയെ കയറിപ്പിടിച്ചപ്പോഴാണ് യുവതി കസേര കൊണ്ട് പ്രതിരോധിച്ച് മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.

യുവതിക്ക് ബിയർ നൽകി മയക്കി ബലാത്സംഗം ചെയ്യാനുള്ള ശ്രമം തന്നെയാണ് പ്രതി നടത്തിയതെന്ന് പകൽ പോലെ വ്യക്തമായിട്ടും, ഒരു സാധാരണ മാനഹാനി സംഭവത്തിനാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  പോലീസിൽ സംഭവത്തിന് ശേഷം ഇടപെടാനും നീതിക്ക് വേണ്ടി സമ്മർദ്ദം ചെലുത്താനും യുവതി തനിച്ചായതിനാൽ കഴിയാതെപോയി.

ബലാത്സംഗ ശ്രമമാണ് നടന്നതെന്നതിനാലും, അടച്ചിട്ട മുറിയിലാണ് പ്രതി ഇരയെ കയറിപ്പിടിച്ചതെന്നതിനാലും, കേസിൽ 511 ഓഫ് 376 ഐപിസി (ബലാത്സംഗ ശ്രമം) തന്നെ ചുത്തേണ്ട കേസ്സിലാണ് പോലീസ് ഒരു സാധാരണ പെറ്റിക്കേസ്സിന്റെ ലാഘവം മാത്രമുള്ള സെക്ഷൻ ചുമത്തി റിട്ട. ഡിവൈഎസ്പിക്ക് തുണയായത്.

LatestDaily

Read Previous

ഹാജിയുടെ ആമാശയത്തിൽ ദ്രാവകം

Read Next

ഡിസിസിയിൽ പാളയത്തിൽ പട