ഡിസിസിയിൽ പാളയത്തിൽ പട

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. ഫൈസലിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പാർട്ടിക്കുള്ളിൽ പുകഞ്ഞിരുന്ന അസംതൃപ്തി മറ നീക്കി പുറത്തുവന്നതോടെ കാസർകോട് ഡിസിസി വീണ്ടും പ്രതിസന്ധിയിലേക്ക്. പി.കെ. ഫൈസലിനെതിരെ കാഞ്ഞങ്ങാട് നെല്ലിത്തറയിൽ  നടന്ന രഹസ്യ യോഗത്തിന്റെ വിവരങ്ങൾ പുറത്തായതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പുറംലോകമറിഞ്ഞത്.

മുൻ എംഎൽഏയും കെപിസിസി നേതാവുമായ കെ.പി. കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡണ്ട്  ഹക്കീം കുന്നിൽ, യുഡിഎഫ് കൺവീനർ ഏ. ഗോവിന്ദൻ നായർ, മുൻ കെപിസിസി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, എം. അസിനാർ എന്നിവരുടെ നേതൃത്വത്തിലാണ് ദിവസങ്ങൾക്ക് മുമ്പ് ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലിനെതിരെ  നെല്ലിത്തറ ഓഡിറ്റോറിയത്തിൽ രഹസ്യയോഗം നടന്നത്.

യുഡിഎഫ് കൺവീനർ ഏ. ഗോവിന്ദൻ നായർ തന്നെ ഡിസിസി പ്രസിഡണ്ടിനെതിരെ രഹസ്യയോഗം ചേർന്നത് ജില്ലയിലെ യുഡിഎഫ് ഘടക കക്ഷികളെ അമ്പരപ്പിച്ചിട്ടുണ്ട്. പി.കെ. ഫൈസൽ സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.

ഭാരത് ജോഡോയാത്ര, കെപിസിസി ഫണ്ട് പിരിവ് എന്നിവയുടെ കണക്കുകൾ ഡിസിസി പ്രസിഡണ്ട് ഇതുവരെ ഹാജരാക്കാത്തതിനെച്ചൊല്ലിയും പാർട്ടിക്കുള്ളിൽ  അഭിപ്രായ  വ്യത്യാസമുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന് കാസർകോട് പാർലമെന്റ് നിയോജക  മണ്ഡലത്തിൽ ലഭിച്ച എംപിയും ഡിസിസി പ്രസിഡണ്ടും തമ്മിൽ ദീർഘ കാലമായി ശീത സമരത്തിലാണ്.

ആജന്മ ശത്രുക്കളെപ്പോലെയാണ് ഡിസിസി പ്രസിഡണ്ട്പി.കെ. ഫൈസലും, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും പെരുമാറുന്നത്. ഡിസിസി നേതൃത്വത്തെ ധിക്കരിച്ച് എം.പി. നടത്തുന്ന പ്രവർത്തനങ്ങൾ ജില്ലയിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തെ ബാധിച്ചിട്ടുണ്ട്.

പി.കെ. ഫൈസലിനെതിരെ കാഞ്ഞങ്ങാട്ട് നടന്ന രഹസ്യ യോഗത്തിന് പിന്നിൽ രാജ്മോഹൻ ഉണ്ണിത്താനാണെന്നും സംശയമുയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ പാർലമെന്റ് പ്രതിനിധിയെന്ന നിലയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കേണ്ടയാളാണ് എംപിയെങ്കിലും ഡിസിസി നേതൃത്വത്തെ ധിക്കരിക്കുന്ന നിലപാടാണ് എംപിയുടേതെന്ന് ആക്ഷേപമുണ്ട്.

പി.കെ. ഫൈസലിനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും  പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് ഗ്രൂപ്പ് യോഗമുണ്ടായതെന്ന് സംശയിക്കുന്നു. ഡിസിസി ഭാരവാഹികളായ കെ.കെ. രാജേന്ദ്രൻ, വിനോദ്കുമാർ പള്ളയിൽവീട്, ഹരീഷ്.പി. നായർ, ധന്യാസുരേഷ്, കെ.പി. പ്രകാശൻ, സെബാസ്റ്റ്യൻ പതാലിൽ, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ കാഞ്ഞങ്ങാട്ട് ചേർന്ന ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തിരുന്നു.

ഡിസിസി ഭാരവാഹികളടക്കം ഡിസിസി പ്രസിഡണ്ടിനെതിരെ രഹസ്യയോഗം ചേർന്നത് പാളയത്തിൽ തന്നെ പടയുണ്ടാകുന്നതിന്റെ സൂചനയാണ്. പാർട്ടി പുനഃസംഘടനാ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വലയുന്ന കെപിസിസിക്ക് കാസർകോട് ഡിസിസിയിലെ ആഭ്യന്തര പ്രശ്നവും ഗ്രൂപ്പ് യുദ്ധവും പരിഹരിക്കാനാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

LatestDaily

Read Previous

റിട്ട. ഡിവൈഎസ്പിയുടെ മുറിയിൽ നടന്നത് ബലാത്സംഗ ശ്രമം

Read Next

ഒമ്പത് മാസം മുമ്പ് കാണാതായ വീട്ടമ്മയെ ഉത്തര്‍പ്രദേശിൽ കണ്ടെത്തി