മഅ്ദനി കേരളത്തിലേക്കില്ല; നിയമ പോരാട്ടം തുടരും

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കർണ്ണാടക സർക്കാരിന്റെ നിബന്ധനകൾ പാലിച്ച് കേരളത്തിലേക്കില്ലെന്ന് പി.ഡി.പി. ചെയർമാൻ അബ്ദുനാസർ മഅ്ദനി. സുപ്രീംകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾക്ക് വിധേയമായി ബംഗളൂരുവിൽ കഴിയുന്ന അബ്ദുനാസർ മഅ്ദനിയെ കേരളത്തിലേക്ക് പോവാൻ ഏപ്രിൽ 17-ന് സുപ്രീംകോടതി അനുവദിച്ചിരുന്നു.

 കർണ്ണാടക സർക്കാർ വെച്ച നിബന്ധന പ്രകാരം ഇരുപത്  പോലീസുകാരുടെ അകമ്പടി വേണമെന്നും ഇതിനായി മാസംതോറും 20-ലക്ഷം രൂപ കെട്ടിവെക്കണമെന്നുമായിരുന്നു കർണ്ണാടക സർക്കാരിന്റെ   നിബന്ധന. ഇതിനെതിരെ മഅ്ദനി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കർണ്ണാടകയുടെ നിബന്ധനകൾ സംബന്ധിച്ച് പ്രതികരിക്കാൻ സുപ്രീംകോടതി സന്നദ്ധമായില്ല.

ഇതേതുടർന്നാണ് ഭീമമായ സംഖ്യ കർണ്ണാടക സർക്കാറിൽ കെട്ടിവെച്ച് കേരളത്തിലേക്ക് പോകേണ്ടതില്ലെന്ന് അബ്ദുനാസർ മഅ്ദനി തീരുമാനിച്ചത്. സുരക്ഷയൊരുക്കുന്നതിന് കർണ്ണാടക ആവശ്യപ്പെട്ട നിബന്ധനകൾ പാലിച്ച് കേരളത്തിലേക്ക് പോകാനാവില്ല. ഇങ്ങനെയൊരു കീഴ്്വഴക്കം ഉണ്ടാക്കാൻ തനിക്കാവില്ലെന്നും എന്നാൽ അനീതിക്കെതിരായ നിയമപോരാട്ടം തുടരുമെന്നും മഅ്ദനി ബംഗളൂരുവിൽ പറഞ്ഞു. അനന്തമായ നീതി നിഷേധമാണ് തനിക്കെതിരെ നടക്കുന്നതെന്നും അനീതിയോട് സന്ധിയില്ലെന്നും മഅ്ദനി പറഞ്ഞു.

LatestDaily

Read Previous

ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ ഇനി ബസുകൾ കയറ്റില്ലെന്ന് ബസ് ഉടമസ്ഥ സംഘടന

Read Next

ഹാജിയുടെ ആമാശയത്തിൽ ദ്രാവകം