എം.പിയുടെ തറക്കല്ലിടൽ ചടങ്ങിന് ഡിസിസി പ്രസിഡന്റിന്റെ ഉടക്ക്

സ്വന്തം ലേഖകൻ

പടന്ന: സഹപാഠിക്ക് വിദ്യാർത്ഥിനികൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിക്കാമെന്നേറ്റ എം.പി.രാജ്മോഹൻ ഉണ്ണിത്താൻ അവസാന നിമിഷം കാലുമാറി. ഡിസിസി പ്രസിഡന്റ് ഉടക്ക് വെച്ചതാണ് എം.പിയുടെ പിൻമാറ്റത്തിന് കാരണമെന്നാണ് അണിയറ സംസാരം.

പടന്ന എം.ആർ.വി.എച്ച്.സ്ക്കൂളിലെ നിർധന വിദ്യാർത്ഥിനിക്ക് സഹപാഠികൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ  നിർമ്മിച്ച് നല്കുന്ന വീടിന്റെ തറക്കല്ലിടൽചടങ്ങ് ഇന്നലെ വൈകുന്നേരം 3 മണിക്ക് എം.പി.രാജ്മോഹൻ ഉണ്ണിത്താനാണ് നിർവ്വഹിക്കേണ്ടിയിരുന്നത്. എം.പി.യുടെ സൗകര്യപ്രകാരമാണ് സമയവും സ്ഥലവും നിശ്ചയിച്ചത്.   തന്നെ അറിയിക്കാതെ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ എം.പി.യുമായി വാഗ്വാദമുണ്ടായതോടെയാണ് എം.പി. പരിപാടിയിൽ നിന്നും വീട്ടുനിന്നതെന്നാണ് വിവരം. സംഘാടകർ എ.പി.യുമായി ബന്ധപ്പെട്ടുവെങ്കിലും സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്.

ഒടുവിൽ പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്്ലമാണ് കാന്തലോട്ട് നിർമ്മിക്കുന്ന എൻ.എസ്.എസ്. ഭവനത്തിന് തറക്കല്ലിട്ടത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചടങ്ങിൽ നിന്നും വിട്ടുനിന്നു.

LatestDaily

Read Previous

കടലാഴങ്ങളുടെ വിസ്മയ ലോകം തുറന്ന് അക്വാ എക്സ്പോ

Read Next

ഭവന പുനരുദ്ധാരണ പദ്ധതിയിൽ അഴിമതി