ഹാജിയുടെ പൊന്ന് തട്ടിയെടുത്ത ആളെ കണ്ടെത്തണം : ജിന്നുമ്മ

സ്റ്റാഫ് ലേഖകൻ

ബേക്കൽ : ഒട്ടേറെ ദുരൂഹതകൾ നിറച്ചുകൊണ്ട് അമ്പത്തിയഞ്ചാം വയസ്സിൽ മരണപ്പെട്ട പൂച്ചക്കാട് പ്രവാസി ഗഫൂർഹാജിയുടെ 612 പവൻ പൊന്നു കൈക്കലാക്കിയ ആളെ പേലീസ് കണ്ടെത്തണമെന്ന് ഉദുമ മാങ്ങാട് സ്വദേശിനിയായ യുവജിന്നുമ്മ പുറത്തുവിട്ട വോയ്സ് ക്ലിപ്പിൽ ആവശ്യപ്പെട്ടു.

8 വർഷമായി താൻ പൂച്ചക്കാട് മാത്രമല്ല, കാസർകോട് മുതൽ കണ്ണൂരു വരെ പോകുന്നുണ്ട്. ” ഞാൻ ആരോടും ജിന്നുമ്മയാണെന്നും, ആലിമാണെന്നും പറഞ്ഞിട്ടില്ല,” ”മരണപ്പെട്ട ഗഫൂർച്ചായുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.  അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധമുണ്ട്. ഗഫൂർച്ചായുമായുള്ള ചാറ്റിംഗ് തെളിവുകൾ എന്റെ കയ്യിലുണ്ട്.

അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഞാൻ മാങ്ങാട്ടാണ് താമസം. ആർക്കുവേണമെങ്കിലും നിജസ്ഥിതി അറിയാൻ എന്നെ ബന്ധപ്പെടാം. യുവജിന്നുമ്മ  പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. പോലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. മക്കളോടും കുടുംബത്തോടുമൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പോലും കഴിയാത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ഞാനും എന്റെ കുടുംബവും.

എനിക്ക് പതിനെട്ടുപൂർത്തിയായ മകളുണ്ട്. മകളുടെ വിവാഹം അടുത്തുവന്നിട്ടുണ്ട്. ” പൊന്നു കൊണ്ടുപോയവരെ പോലീസ് കണ്ടെത്തണം. ഞാൻ നാടുവിട്ടിട്ടില്ല.” ജിന്നുമ്മ ശബ്ദ സന്ദേശത്തിൽ പറയുന്നു. ഗഫൂർഹാജിയുടെ മരണം നാടൊട്ടുക്കും വലിയ ചർച്ചയായിട്ടുണ്ട്. പിറകെയെത്തിയ ജിന്നുമ്മയുടെ ശബ്ദ സന്ദേശവും നാട്ടിൽ പടർന്നു പിടിച്ചിട്ടുണ്ട്.

അതിനിടയിൽ ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ആർഡിഒ കൂടിയായ സബ് കളക്ടർ സൂഫിയാൻ അഹമ്മദിനാണ്. അദ്ദേഹം അവധിയിലായതിനാൽ കാസർകോട് സബ് ഡിവിഷനൽ മജിസ്ത്രേട്ടിനാണ് ഇൻക്വസ്റ്റ് ചുമതല.

മൃതദേഹം പുറത്തെടുക്കാൻ 2 ദിവസം താമസിക്കുമെന്ന വിവരമാണ് ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ തന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മറ്റുവഴിക്കുള്ള അന്വേഷണങ്ങളിലേക്ക് കടക്കും.ഒരു സ്ത്രീ നിരീക്ഷണത്തിലാണ്. ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട 612 പവൻ സ്വർണ്ണാഭരണങ്ങൾക്ക് രണ്ടേകാൽ കോടി രൂപയോളം വില മതിക്കും. അത്യാവശ്യത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഹാജി തന്നെയാണ് മകളുടെയും മകന്റെ ഭാര്യയുടെയും സഹോദരിയുടെയും സ്വർണ്ണാഭരണങ്ങൾ വാങ്ങി വെച്ചത്.

Read Previous

നേരിൽ കാണാത്ത സുഹൃത്തിന് 16 ലക്ഷം സമാഹരിച്ച് രതീഷ്

Read Next

ഗഫൂർ ഹാജിയുടെ മരണം ; അന്വേഷണം ധൃതഗതിയിൽ