നേരിൽ കാണാത്ത സുഹൃത്തിന് 16 ലക്ഷം സമാഹരിച്ച് രതീഷ്

കാസർകോട് : മൂന്നുതവണ വൃക്ക മാറ്റിവെച്ചു, ഇനിയും നേരിൽക്കാണാത്ത ഫേസ്ബുക്ക് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ അധ്യാപകനും കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസറുമായ രതീഷ് പിലിക്കോട് പുസ്തകത്തട്ട് വിറ്റ് സ്വരൂപിച്ചുനൽകിയത് പതിനാറ് ലക്ഷം രൂപ. തൃശൂർ അഞ്ചേരി സ്വദേശിയായ പ്രതീഷിനാണ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ രതീഷ് ഇങ്ങനെ പണം നൽകിയത്.

സ്വർണ്ണപ്പണിക്കാരനായ പ്രതീഷിന് അമ്മ ശോഭനയും അച്ഛൻ പരമേശ്വരനും നൽകിയ വൃക്കകൾ പ്രവർത്തന രഹിതമായി. പിന്നെ സഹോദരൻ പ്രദീപ് ദാനം ചെയ്ത വൃക്കയിലാണ് പ്രതീഷിന്റെ ജീവിതം. അച്ഛൻ കോവിഡ് കാലത്ത് മരിച്ചു. പതിനാറ് വർഷം മുമ്പായിരുന്നു ആദ്യ വൃക്കമാറ്റി വയ്ക്കൽ. ആറ് മാസം മുമ്പാണ് സഹോദരന്റെ വൃക്ക വെച്ചുപിടിപ്പിച്ചത്.

മൂന്ന് തവണ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്താൻ 30 ലക്ഷം രൂപ ചെലവായി. ഇപ്പോൾ മരുന്നിന് മാത്രം വർഷം ഒന്നേകാൽ ലക്ഷം രൂപ വേണം. താമസം, വാടക വീട്ടിൽ. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട്ടിൽ തന്നെ പുസ്തകത്തട്ട് നിർമ്മാണം തുടങ്ങിയത്. ഒന്നര വർഷം മുമ്പാണ് സ്വന്തം ദുരിതം പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

അത് വായിച്ചു രതീഷ് സഹായം വാഗ്ദാനം ചെയ്തു. താനും കൂട്ടുകാരും നിർമ്മിക്കുന്ന പുസ്തക ത്തട്ട് വിറ്റുതന്നാൽ മതിയെന്നായിരുന്നു പ്രതീഷിന്റെ മറുപടി. രതീഷ് ഇൗ അഭ്യർത്ഥന ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു. അങ്ങനെയും വാങ്ങാൻ ആളുകളെത്തി. പ്രതീഷിനെ നേരിൽക്കാണാൻ രതീഷിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതീഷിന്റെ അനുജൻ പ്രദീപ് തട്ടുകളുമായി ലോറിയിൽ വരും അതേ ലോറിയിൽ രതീഷ് സുഹൃത്തുക്കളെ കാണാൻ പോകും. ആളുകൾക്ക് പുസ്തകത്തട്ട് വിൽക്കും. കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇങ്ങനെ പലപ്പോഴായി 743 പുസ്തകത്തട്ടുകൾ വിറ്റാണ് 16 ലക്ഷത്തോളം രൂപ നൽകിയത്.

Read Previous

കാസർകോട് ജില്ലയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര ബന്ധം

Read Next

ഹാജിയുടെ പൊന്ന് തട്ടിയെടുത്ത ആളെ കണ്ടെത്തണം : ജിന്നുമ്മ