കോടതി ഇടപെട്ടിട്ടും അനധികൃത നിർമ്മാണം പൊളിച്ചുമാറ്റിയില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അജാനൂർ കോയാപ്പള്ളിക്ക് സമീപം പൊതുസ്ഥലം കയ്യേറി കെട്ടിടം നിർമ്മിച്ചതിനെതിരെ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടും കെട്ടിടം പൊളിച്ചുമാറ്റിയില്ല.

 കോയാപ്പള്ളിക്ക് സമീപത്തെ അസൈനാറുടെ ഭാര്യ പി. ഫൗസിയയാണ് അവരുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ റവന്യൂ വകുപ്പ് പി.ഡബ്ള്യു.ഡി. വിജിലൻസ് എന്നിവർക്ക് പരാതി നല്കിയത്. കോട്ടിക്കുളം തിരുവക്കോളിയിലെ ഏ.കെ  കുഞ്ഞഹമ്മദിന്റെ മകൻ റഹ്മത്തുള്ളയ്ക്കെതിരെയാണ് ഇവർ പരാതി നല്കിയത്.

ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയിട്ടും കെട്ടിടം പൊളിച്ചുനീക്കാൻ ഇതുവരെ നടപടിയായിട്ടില്ല. കെ.എസ്.ടി.പി റോഡിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് നടന്ന വിജിലൻസ് പരിശോധനയിലും കയ്യേറ്റം കണ്ടെത്തിയിരുന്നു. കയ്യേറ്റമൊഴിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് സബ്ബ് കലക്ടർ അജാനൂർ വില്ലേജ് ഒാഫീസർക്ക് നിർദ്ദേശം നല്കിയിട്ട് ഒരുവർഷത്തിലേറെയായെങ്കിലും നടപടിയായിട്ടില്ല.

കയ്യേറിയ ഭൂമി ഒരാഴ്ചയ്ക്കുള്ളിൽ ഒഴിഞ്ഞു കൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചീനിയർ റഹ്മത്തുള്ളയോടാവശ്യപ്പെട്ടത് 2022 ഏപ്രിൽ 4 നാണ്. ഉത്തരവ് പുറപ്പെടുവിച്ച് ഒരുവർഷം തികയാറായിട്ടും റഹ്മത്തുള്ള കെട്ടിടം പൊളിച്ചുമാറ്റിയിട്ടില്ല.

അനധികൃതമായി നിർമ്മിച്ച കെട്ടിടം 15 ദിവസത്തിനുള്ളിൽ പൊളിച്ചു കളയാൻ 2021 ഫെബ്രുവരി 5ന് അജാനൂർ പഞ്ചായത്ത് റഹ്മത്തുള്ളയോടാവശ്യപ്പെട്ടിരുന്നുവെങ്കിലും കെട്ടിട ഉടമ കെട്ടിടം പൊളിച്ചില്ല. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും റഹ്മത്തുള്ള അനധികൃത കെട്ടിടം പൊളിച്ചുനീക്കിയില്ലെന്നാണ് പരാതിക്കാരിയായ ഫൗസിയ പറയുന്നത്. അനധികൃത കെട്ടിടം പൊളിച്ചുനീക്കാൻ അജാനൂർ പഞ്ചായത്തിന് അധികാരമുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരും വിഷയത്തിൽ കൃത്യ വിലോപം കാണിച്ചു.

LatestDaily

Read Previous

റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു

Read Next

ജമാഅത്ത് തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ