ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മക്കളെ നിയമലംഘനത്തിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നതിന്റെ സൂചനയാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ജുവനൈൽ ഡ്രൈവിങ് കേസുകളുടെ എണ്ണം.
ഡ്രൈവിങ് ലൈസൻസ് പോലും കിട്ടാത്ത പ്രായത്തിൽ മക്കളെ ഇരുചക്ര വാഹനങ്ങളും കാറുകളും നൽകി റോഡിലേക്ക് പറഞ്ഞുവിടുന്ന മാതാപിതാക്കൾ അവരെ മരണത്തിലേക്കാണ് പറഞ്ഞുവിടുന്നത്.കൗമാര പ്രായത്തിലുള്ള കുട്ടികളിൽ ലഹരി ഉപയോഗം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രക്ഷിതാക്കളുടെ അശ്രദ്ധ തന്നെയാണ് കൗമാരപ്രായക്കാരിലെ ലഹരി ഉപയോഗത്തിലുണ്ടാകുന്ന വർധന.
പതിനെട്ട് തികയാത്ത പെൺകുട്ടികൾ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിന് പുറമെയാണ് വാഹനങ്ങളുപയോഗിച്ചുള്ള നിയമലംഘനം. ഗതാഗത നിയമങ്ങളെക്കുറിച്ചോ ട്രാഫിക്ക് സിഗ്നലുകളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പുമറിയാത്ത പ്രായത്തിലുള്ള മക്കൾക്ക് വാഹനം ഓടിക്കാൻ നൽകി റോഡിലേക്ക് പറഞ്ഞുവിടുന്ന രക്ഷിതാക്കൾ മക്കളോടും സമൂഹത്തോടും ചെയ്യുന്നത് കടുത്ത ദ്രോഹമാണ്.
പണത്തിന്റെ ഹുങ്കിൽ കൗമാരക്കാരായ മക്കൾക്ക് വാഹനം വാങ്ങി നൽകി അവരെ കരുതിക്കൂട്ടി മരണത്തിലേക്ക് തള്ളിവിടുന്ന രക്ഷിതാക്കൾക്ക് ട്രാഫിക്ക് നിയമത്തിന്റെ പാഠങ്ങൾ നൽകുന്നതിന് പകരം തലയിൽ നെല്ലിക്കാത്തളം വെയ്ക്കുന്നതാണ് ഉചിതം. അപരിഷ്കൃതമായ ഡ്രൈവിങ് സംസ്കാരമുള്ള നാടായ കേരളത്തിൽ റോഡ് നിയമങ്ങളെക്കുറിച്ച് പലരും അജ്ഞരാണ്. റോഡിലെ സീബ്രാവരകൾ എന്തിനുവേണ്ടിയുള്ളതാണെന്ന് പോലുമറിയാത്ത ഡ്രൈവർമാരുള്ള നാട്ടിൽ ലൈസൻസ് ലഭിക്കാത്ത കുട്ടികളെ റോഡിലേക്ക് വാഹനവുമായി പറഞ്ഞുവിടുന്നത് ക്രൂരതയാണ്. മക്കളോട് അൽപമെങ്കിലും കരുതലും സ്നേഹവുമുള്ളവരാരും തന്നെ ഇത്തരം സാഹസത്തിന് മുതിരില്ല.
വാഹനാപകടക്കേസുകൾ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ വാഹന ഡ്രൈവിങ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. റോഡുകളിൽ കുരുതി നൽകാനുള്ളതല്ല മക്കളുടെ ജീവനെന്ന് രക്ഷിതാക്കൾ തീരുമാനിച്ചാൽ മാത്രമേ കേരളത്തിൽ കുട്ടികളുടെ വാഹന ഡ്രൈവിങ് നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. കൗമാരപ്രായത്തിൽ നിയമലംഘനം ശീലമാക്കുന്നവരുടെ തലമുറയെ സൃഷ്ടിച്ചെടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ രക്ഷകർത്താക്കൾ കാണാതെ പോകരുത്.
അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന കേരളത്തിൽ മരണത്തിലേക്ക് ഡ്രൈവിങ് നടത്തുന്ന അപകടകാരികളുടെ ഇടയിലേക്കാണ് രക്ഷിതാക്കൾ വാഹനവുമായി മക്കളെ പറഞ്ഞുവിടുന്നത്. വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ മരണപ്പെട്ടവരുടെ കുടുംബത്തിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. രക്ഷിതാക്കളുടെ ജീവിതകാലം മുഴുവൻ പിന്തുടരുന്ന തീരാവേദനയാണ് അപകടമരണങ്ങൾ സൃഷ്ടിക്കുന്നത്.
ഡ്രൈവിങ് സാക്ഷരതയും ട്രാഫിക് നിയമ പരിജ്ഞാനവും ഡ്രൈവിങ് ലൈസൻസുമുള്ള കാലത്ത് മാത്രമേ മക്കൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുകയുള്ളൂ എന്ന് രക്ഷിതാക്കൾ തീരുമാനിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളൂ.