പുഴയിൽ മുങ്ങിമരിച്ചത് സഹോദരീ സഹോദരൻമാരുടെ  മക്കൾ

കാസർകോട്:  അഡൂർ ദേവരഡുക്ക പുഴയിൽ  മരിച്ച രണ്ട് കുട്ടികൾ സഹോദരന്റെയും സഹോദരിയുടെയും മക്കൾ. ദേവരഡുക്കയിലെ ഷാഫി – റുബീന ദമ്പതികളുടെ മകൻ മുഹമ്മദ് ആശിഖ് (നാല്), ഷാഫിയുടെ സഹോദരി സൗദയുടെയും ഹസൈനാറിന്റെയും മകൻ മുഹമ്മദ് ഫാസിൽ (മൂന്ന്) എന്നിവരാണ് അഡൂർ ദേവരഡുക്ക പുഴയിൽ ഇന്നലെ ഉച്ചയോടെ മുങ്ങിമരിച്ചത്.

ഇരുവരുടെയും പിതാക്കൾ സഊദി അറേബ്യയിലാണ്. തൊട്ടടുത്ത വീട്ടിൽ കളിക്കാനെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്ന് പോയത്. ഉച്ചയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുഴക്കരയിലുണ്ടായിരുന്ന ഏതാനും കുട്ടികൾ, പുഴയിൽ മുങ്ങിത്താഴുന്നതായി അറിയിച്ചത്.

ഉടൻ തന്നെ ഷാഫിയുടെയും റുബീനയുടെയും പിതാവ് അബ്ദുർ റഹ്‌മാൻ പുഴയിൽ ചാടിയിറങ്ങി ആദ്യം ആശിഖിനെയും അൽപനേരത്തെ തിരച്ചിലിനൊടുവിൽ ഫാസിലിനെയും പുറത്തെടുത്തു. പുറത്തെടുക്കുമ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോൾ, മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.

മരിച്ച ആശിഖിന്റെ  സഹോദരി: ആയിഷ. ഫാസിലിന്റെ സഹോദരങ്ങൾ: ഫാറൂഖ്, ഫാത്വിമത് ബതൂൽ, ഫൈമ.കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മറവ് ചെയ്തു. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

LatestDaily

Read Previous

ഏടിഎമ്മുകൾ പലതും കാലി

Read Next

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു