യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അജാനൂർ കടപ്പുറം സ്വദേശിയെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. ഹോസ്ദുർഗ്, മേൽപ്പറമ്പ് പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 6 ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിനെത്തുടർന്ന് കലക്ടർ സ്വാഗത് രൺവീർചന്ദ് ഭണ്ഡാരി കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.

അജാനൂർ കടപ്പുറത്തെ കരീമിന്റെ മകൻ പി.എം. നൗഷാദിനെയാണ് 33, കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. നരഹത്യാശ്രമം, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കയറി മുതൽ നശിപ്പിക്കൽ മുതലായ വകുപ്പുകളിൽ നൗഷാദിനെതിരെ ഹൊസ്ദുർഗ് പോലീസിൽ നാലും മേൽപ്പറമ്പ് പോലീസിൽ രണ്ടും കേസ്സുകൾ നിലവിലുണ്ട്.

ഇതിന് പുറമെ മയക്കുമരുന്ന് കേസ്സിലും പ്രതിയായ യുവാവ്  പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതോടെയാണ് യുവാവിനെതിരെ കാപ്പ ചുമത്താൻ ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

Read Previous

പുഴയിൽ മുങ്ങിമരിച്ചത് സഹോദരീ സഹോദരൻമാരുടെ  മക്കൾ

Read Next

അത്തർ മണക്കുന്ന പെരുന്നാൾ