ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂരിലെ കളിയാട്ടക്കാവിൽ പതിമൂന്നുകാരനെ തീച്ചാമുണ്ഡി തെയ്യക്കോലം കെട്ടിച്ചത് ഭക്തിയുടെ പേരിലുള്ള തോന്ന്യാസമാണെന്ന് പറയാതെ വയ്യ. വെളിവുകേടിനോളമെത്തിയ ഭക്തി വിശ്വാസത്തിന്റെ പ്രകടമായ ഉദാഹരണമാണ് കണ്ണൂരിലെ കളിയാട്ടക്കാവിൽ നടന്നത്. ഏറെ പ്രയാസകരവും അപകടകരവുമായ തീച്ചാമുണ്ഡി തെയ്യക്കോലം കൗമാര പ്രായക്കാരനായ പിഞ്ചുബാലന്റെ തലയിൽ കെട്ടിവെച്ച ബുദ്ധിശൂന്യത ആരുടേതായാലും എതിർക്കപ്പെടേണ്ടതാണ്.
തീച്ചാമുണ്ഡി അഥവാ ഒറ്റക്കോലം എന്ന പേരിലറിയപ്പെടുന്ന തെയ്യക്കോലം പരിചയ സമ്പന്നരായ തെയ്യം കലാകാരന്മാരാണ് കെട്ടിയാടാറുള്ളത്. തീക്കനലെരിയുന്ന അഗ്നികുണ്ഡത്തിലേക്ക് എടുത്ത് ചാടുന്ന തെയ്യക്കോലമാണ് തീച്ചാമുണ്ഡിയെന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്. കോട്ടങ്ങളിലും കാവുകളിലും പള്ളിയറകളിലും തീക്കോലം കെട്ടിയാടുന്നവരെ നിശ്ചയിക്കുന്നത് അതാത് സ്ഥലങ്ങളിലെ ആചാര സ്ഥാനികരും ക്ഷേത്ര കമ്മിറ്റികളുമാണ്.
പച്ചമനുഷ്യനെ തീയിലേക്കെറിയുന്ന ഒറ്റക്കോലം തെയ്യം കെട്ടിൽ കണ്ണൊന്ന് തെറ്റിയാൽ തെയ്യം കെട്ടിയാടുന്ന കലാകാരന്റെ ജീവൻ തന്നെ അപകടത്തിലാകും. അതിനാൽ തന്നെ തീച്ചാമുണ്ഡിക്കോലം കെട്ടി ചിരപരിചിതരായവർക്ക് മാത്രമാണ് തെയ്യം കെട്ടാൻ അടയാളം നൽകാറുള്ളത്.
എട്ടുംപൊട്ടും തിരിച്ചറിയാത്ത പതിമൂന്നുകാരനെ തീച്ചാമുണ്ഡി കെട്ടിയാടാൻ കൽപ്പിച്ച വീണ്ടുവിചാരമില്ലായ്മയെ ഭക്തിയെന്ന് പേരിട്ട് വിളിക്കാനാകില്ല. ആചാരങ്ങളുടെ പേരിൽ നടന്ന അതിസാഹസികതയാണ് കണ്ണൂരിലെ തെയ്യാട്ടക്കാവിൽ നടന്നത്. അനുഷ്ഠാനകലയിൽ പരീക്ഷണ വസ്തുവാക്കേണ്ട ഗിനിപ്പന്നികളല്ല കുഞ്ഞുങ്ങളെന്ന് സംഘാടകരെങ്കിലും തിരിച്ചറിയേണ്ടതായിരുന്നു.
പിഞ്ചുകുഞ്ഞിനെ തീക്കോലം കെട്ടിയാടിച്ച് നവമാധ്യമങ്ങളിൽ പ്രശസ്തി നേടുകയെന്നത് തെയ്യാട്ടക്കാവുകളിൽ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണതയാണ്. നവമാധ്യമങ്ങൾ വ്യാപകമായതോടെ അനുഷ്ഠാന കലയായ തെയ്യം വെറും ഷോ ബിസിനസ്സായി മാറിയിട്ടുമുണ്ട്. ഉത്തര കേരളത്തിലെ തെയ്യാട്ടക്കാവുകളിലൊന്നും ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത അതിസാഹസികതയാണ് പതിമൂന്നുകാരനെ തീക്കോലം കെട്ടിയാടിച്ച് തീയിലേക്കെറിഞ്ഞ നടപടി.
കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്ന തെയ്യം കെട്ടുകളെ ഭക്തിയുടെ ന്യായം പറഞ്ഞ് വെള്ള പൂശാനാകില്ല. ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിൽക്കുന്ന നാട്ടിലാണ് ഭക്തിയുടെ പേരിലുള്ള ബാലവേല നടപ്പാക്കിയിരിക്കുന്നതെന്നത് ഖേദകരമാണ്. ശിശുക്ഷേമ സമിതിയുടെ മുന്നറിയിപ്പുകൾ പോലും അവഗണിച്ചാണ് കുട്ടിയെ ക്ഷേത്ര ഭരണാധികാരികൾ തീക്കോലം കെട്ടാൻ നിയോഗിച്ചതെന്നതും ഗൗരവതരമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭക്തിവിശ്വാസത്തിന്റെ പേരിൽ ബാലവേല ചെയ്യിച്ചവർക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കുകയാണ് വേണ്ടത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ബാലാവകാശ കമ്മീഷന്റെ നിലപാട് ഉചിതമായത് തന്നെ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രം മതി സംഘാടകർ കുട്ടിയോട് ചെയ്ത കൊടും ക്രൂരതയുടെ ആഴം മനസ്സിലാക്കാൻ. ആരാധനകളുടെയും ഭക്തി വിശ്വാസങ്ങളുടെയും പരീക്ഷണ ലാബുകളിലെ പരീക്ഷണ വസ്തുവാക്കാൻ ചെറുബാല്യങ്ങളെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.