കോൺഗ്രസ് ഈസ്റ്റ് എളേരിമണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിന്തുണയോടെ കോൺഗ്രസ്   വിമതൻ കരസ്ഥമാക്കിയതോടെ കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി ഡി.സി. സി. പ്രസിഡന്റ് പി.കെ. ഫൈസൽ പിരിച്ചുവിട്ടു.

ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒൗദ്യോഗിക വിഭാഗം സ്ഥാനാർഥി വിനീത് പി. ജോസഫിന് വോട്ടുചെയ്യണമെന്ന ഡി.സി.സി. പ്രസിഡന്റിന്റെ വിപ്പ് വിമതവിഭാഗം ലംഘിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒൗദ്യോഗിക വിഭാഗം സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിമത വിഭാഗത്തിലെ ജോസഫ് മൂത്തോലി പ്രസിഡന്റായത്.

ജയിംസ് പന്തമ്മാക്കൽ  പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെത്തുടർന്നാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടു  പ്പ് നടത്തേണ്ടിവന്നത്. കോൺഗ്രസിൽ നിന്നും വിഘടിച്ച് ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കി ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ജയിംസ് പന്തമ്മാക്കൽ അടുത്ത  കാലത്താണ് വീണ്ടും കോൺഗ്രസിൽ ലയിച്ചത്.

ലയനത്തിനുള്ള നിബന്ധനകളിൽ ജയിംസ് പന്തമ്മാക്കൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമന്നുണ്ടായിരുന്നുവെങ്കിലും ജയിംസ് രാജിവെച്ചില്ല. ഒടുവിൽ അഴിമതി ആരോപണത്തെത്തുടർന്ന് ഇദ്ധേഹത്തിന് രാജിവെക്കേണ്ടിവന്നു. ജയിംസ് കോൺഗ്രസിൽ തിരിച്ചെത്തിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത ഉണ്ടായിട്ടുണ്ട്.

ഈ അഭിപ്രായഭിന്നതയുടെ പരസ്യമായ പ്രകടനമാണ് ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. സംഘടനയെ വഞ്ചിച്ച് സ്വന്തമായി പാർട്ടിയുണ്ടാക്കി ഭരണം പിടിച്ച ജയിംസ് പന്തമ്മാക്കലിനെതിരെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് തീർത്താൽ തീരാത്ത പകയുണ്ട്. പാർട്ടിയുടെ വിപ്പ് ലംഘിച്ച് വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത കോൺഗ്രസ് പ്രതിനിധികൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നുറപ്പായ സാഹചര്യത്തിൽ ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ ഇനിയും കലഹം മൂർഛിക്കും.

LatestDaily

Read Previous

ടെണ്ടർകാലാവധി കഴിഞ്ഞിട്ടും സ്വകാര്യ ബസ്സുകാരിൽ നിന്ന് പണം പിരിക്കുന്നു

Read Next

നീലേശ്വരം പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി