പോലീസിനെ വട്ടം കറക്കിയ മോഷ്ടാക്കളെ കസറ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മേൽവിലാസം മാറ്റിപ്പറഞ്ഞ് ഹോസ്ദുർഗ് പോലീസിനെ തമിഴ്നാട്ടിൽ വട്ടം കറക്കിയ മോഷ്ടാക്കളെ ഹോസ്ദുർഗ് പോലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി. ഹോസ്ദുർഗ് പോലീസ്റ്റേഷൻ പരിധിയിൽ നടന്ന മാലമോഷണ കേസുകളിൽ പ്രതികളായ 3പേരാണ് പോലീസിന് തെറ്റായ മേൽവിലാസം നൽകിയത്.

കാഞ്ഞങ്ങാട് ഗാർഡർ വളപ്പിലെ ഭാസ്കരന്റെ ഭാര്യ രോഹിണിയുടെ നാലേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല, കിഴക്കുംകരയിലെ അമ്പൂഞ്ഞിയുടെ ഭാര്യ സി.കെ.രോഹിണിയുടെ മൂന്നരപ്പവൻ തൂക്കമുള്ള സ്വർണമാല എന്നിവ മോഷ്ടിച്ച സംഘത്തിൽപ്പെട്ട നിഷ 25, പാർവ്വതി 28, കല്ല്യാണി 38 എന്നിവരാണ് ഹോസ്ദുർഗ് പോലീസിൽ തെറ്റായ മേൽവിലാസം  നൽകി പോലീസിനെ കബളിപ്പിച്ചത്.

തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളാണെന്നാവകാശപ്പെട്ട മോഷ്ടാക്കൾ ഹോസ്ദുർഗ് പോലീസിന് നൽകിയ വിലാസത്തിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂത്തുക്കുടിയിലെ മേൽവിലാസത്തിൽ ഇത്തരത്തിലുള്ള 3 സ്ത്രീകളില്ലെന്ന് കണ്ടത്തിയത്. ഇതെത്തുടർന്നാണ് മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്.

തലശ്ശേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ സ്ത്രീകൾ തലശ്ശേരി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹോസ്ദുർഗ് ആദൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാലമോഷണക്കേസിൽ മൂവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി യിരുന്നു.

ഇതെത്തുടർന്നാണ് പ്രതികളെ ഹോസ്ദുർഗ് പോലീസിന് വിട്ടുനൽകിയത്. മൈലാട്ടി എരുതും കടവിലെ കാർത്യായനിയുടെ 3പവൻ തൂക്കമുള്ള സ്വർണ്ണമാലയടങ്ങിയ പേഴ്സ് ചെർക്കളയിൽ നിന്നും മഞ്ചത്തടുക്കയിലേക്കുള്ള ബസ് യാത്രയ്ക്കിടെ  തട്ടിയെടുത്തതും ഇതേ സംഘമാണ്. പ്രസ്തുത സംഭവത്തിൽ മൂവർക്കുമെതിരെ ആദൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട്ടെ മോഷണക്കേസുകളിൽ റിമാന്റിലായ സ്ത്രീകൾ അന്തർസംസ്ഥാന ബന്ധമുള്ള മോഷ്ടാക്കളിലുൾപ്പെട്ടവരാണെന്നാണ് സൂചന. ഇവരുടെ കൃത്യമായ മേൽവിലാസം ലഭിച്ചാൽ മാത്രമേ തസ്ക്കര സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ  കഴിയുകയുള്ളൂ.  ബസുകളിലും ഓട്ടോകളിലും യാത്രചെയ്ത് പ്രായമായവരെ കണ്ടത്തി അവരുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പറിച്ചെടുക്കുന്നതാണ് സംഘത്തിന്റെ രീതി.

LatestDaily

Read Previous

സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് സിപിഐ

Read Next

ടെണ്ടർകാലാവധി കഴിഞ്ഞിട്ടും സ്വകാര്യ ബസ്സുകാരിൽ നിന്ന് പണം പിരിക്കുന്നു