ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: തനിക്കെതിരെ നടന്നത് തെറ്റദ്ധാരണ മൂലമുള്ള ക്വട്ടേഷൻ അക്രമണമാണെന്ന് മാവുങ്കാൽ നെല്ലിത്തറയിൽ ബിജെപി പ്രവർത്തകരുടെ അക്രമണത്തിനിരയായ കൊടവലം സ്വദേശി ചന്ദ്രൻ. വാഴക്കോട്ടെ അജിത്തിന്റെ ബർദുബായിലെ മുറിയിൽ നിന്നും ദുബായ് പോലീസ് മദ്യം പിടികൂടിയത് താൻ ഒറ്റുകൊടുത്തത് മൂലമാണെന്ന തെറ്റിദ്ധാരണയാണ് ക്വട്ടേഷൻ അക്രമണത്തിന് പിന്നിലെന്ന് ചന്ദ്രൻ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. തനിക്ക് ആർഎസ് എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
2022 ഓഗസ്റ്റ് 28-ന് നാട്ടിൽ തിരിച്ചെത്തിയത് മുതൽ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നതായി ചന്ദ്രൻ പറഞ്ഞു. അജിത്തിന് ശത്രുതയുള്ള ഒടയഞ്ചാൽ സ്വദേശിക്ക് ഗൾഫിൽ താമസസൗകര്യമൊരുക്കിയത് സംബന്ധിച്ച വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് ചന്ദ്രൻ പറയുന്നത്.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് ബർദുബായിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വാഴക്കോട്ടെ അജിത്തിന്റെ ഗോഡൗണിൽ നിന്നും മദ്യം പിടിച്ചെടുത്തതെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. നാട്ടിലെത്തിയ തന്നെ വക വരുത്താൻ അജിത്ത് പലതവണ പദ്ധതിയിട്ടിരുന്നതായും, തന്നെ അക്രമിച്ച ദിവസം പകൽ വീട്ടിലെത്തിയ അജിത്തും സംഘവും മക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായും ചന്ദ്രൻ പറഞ്ഞു.
മാർച്ച് 17-ന് ചന്ദ്രന്റെ നീക്കങ്ങൾ മനസ്സിലാക്കി പിന്തുടർന്നാണ് അക്രമിസംഘം വടിവാളുപയോഗിച്ച് വെട്ടിയത്. അക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ രമ്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഭാര്യയേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
മംഗളൂരുവിൽ ചികിത്സയിലായിരുന്ന ചന്ദ്രൻ ചികിത്സയ്ക്ക് ശേഷം മടിക്കൈയിലെ ഭാര്യ വീട്ടിൽ വിശ്രമത്തിലാണ്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് ഞരമ്പുകൾ മുറിഞ്ഞ ഇദ്ദേഹത്തിന്റെ ശരീരം മുഴുവൻ വെട്ടേറ്റിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ചന്ദ്ര മാസങ്ങൾ കാത്തിരിക്കേണ്ടി വരും.