കാഞ്ഞങ്ങാട്ട് വീണ്ടും നടപ്പാത കയ്യേറ്റം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ കച്ചവടസ്ഥാപനങ്ങൾ നടപ്പാത കയ്യേറിയതോടെ നടന്നു പോകാൻ വഴിയില്ലാതെ  കാൽനടയാത്രക്കാർ. കോട്ടച്ചേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ കയ്യേറ്റം. കോട്ടച്ചേരിയിൽ രാവിലെയും വൈകുന്നേരവും നിന്നു തിരിയാൻ പറ്റാത്ത വിധം തിരക്കാണ്. റംസാൻ, വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ച് ഇനിയും തിരക്ക് വർധിക്കും.

സർവ്വീസ് റോഡുകൾ വാഹനങ്ങൾ  കയ്യടക്കിയതോടെ കാൽ നടയാത്രക്കാർക്ക് ടൗണിൽ സഞ്ചരിക്കാനുള്ള ഏക മാർഗ്ഗം ഫുട്പാത്താണ്. ഈ ഫുട്പാത്തുകളാണ് ടൗണിലെ കച്ചവട സ്ഥാപനങ്ങൾ കയ്യേറിയിരിക്കുന്നത്. നടപ്പാതയുടെ ഒരു ഭാഗം വഴിവാണിഭക്കാരും  മറുപകുതി കച്ചവടസ്ഥാപനങ്ങളും കയ്യേറിയ നിലയിലാണ്. കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങൾ നടപ്പാതയിലേക്ക് കയറിയാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇതുവഴി കടന്നുപോകണമെങ്കിൽ അസാമാന്യ മെയ്്വഴക്കം വേണം. കോട്ടച്ചേരിയിൽ പച്ചക്കറിക്കടകളിലെ സാധനങ്ങൾ പകുതിയിലേറെയും നടപ്പാതയിൽത്തന്നെയാണ്. അനിയന്ത്രിതമായ വാഹനത്തിരക്കനുഭവപ്പെടുന്ന കാഞ്ഞങ്ങാട് ടൗണിൽ റോഡരികിൽക്കൂടി നടന്നാൽ അപകടമുറപ്പ്. ടൗണിലെത്തുന്ന കാൽ നടയാത്രക്കാർ ഏതുവഴിയിൽക്കൂടി നടക്കണമെന്നതിന് നഗരസഭ മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LatestDaily

Read Previous

യുവാക്കളുടെ ജീവനെടുത്തത്  സ്കൂട്ടി യാത്രക്കാരന്റെ അശ്രദ്ധയും ടാങ്കറിന്റെ അമിത വേഗതയും

Read Next

കവർച്ച ശ്രമത്തിനിടെ യുവാവ് പിടിയിൽ