വധശ്രമം : ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വധശ്രമക്കേസ്സ് പ്രതികളെ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും മൽപ്പിടുത്തത്തിലൂടെ കീഴടക്കി. സ്കൂട്ടറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ ബിെജപി പ്രവർത്തകരാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പുല്ലൂർ കൊടവലം സ്വദേശി ചന്ദ്രനെ മാർച്ച് 17-ന് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ മാവുങ്കാൽ മേലടുക്കത്തെ പ്രകാശിന്റെ മകൻ പ്രശോഭ് 23, മൂലക്കണ്ടത്തെ ദാസന്റെ മകൻ ശ്യാംകുമാർ 33, എന്നിവരെയാണ് ഹോസ്ദുർഗ്ഗ് ഐ.പി, കഴിഞ്ഞ ദിവസം യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖിന്റെ വീട്ടിൽ ഒളിവിൽക്കഴിയുന്നതിനിടെ പിടികൂടിയത്.

പ്രതികൾ യുവമോർച്ചാ നേതാവിന്റെ വീട്ടിൽ ഒളിവിൽക്കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ ഹോസ്ദുർഗ്ഗ് ഐ.പിയുടെ നേതൃത്വത്തിൽ വീടുവളഞ്ഞത്. ഭാര്യ രമ്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രനെ ഇരുചക്ര വാഹനങ്ങളിലെത്തിയ ആറംഗ സംഘം തടഞ്ഞുനിർത്തി വടിവാൾ കൊണ്ട്  വെട്ടുകയായിരുന്നു.

വാഴക്കോട്ടെ പ്രശോഭ് എന്ന യുവാവ് ഗൾഫിൽ മദ്യക്കച്ചവടം നടത്തുന്നതിനിടെ പിടിയിലായി 4 മാസം തടവിൽക്കഴിഞ്ഞിരുന്നു. ഗൾഫിലുണ്ടായിരുന്ന ചന്ദ്രനാണ് പ്രശോഭിനെ ഒറ്റുകൊടുത്തതെന്ന സംശയത്തെത്തുടർന്നാണ് വധശ്രമം. കേസ്സിൽ പ്രതി ചേർക്കപ്പെട്ട 4 പേർ ഒളിവിലാണ്. പിടിയിലായ പ്രതികൾ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ക്രിമിനൽ കേസ്സിൽ പ്രതി ചേർക്കപ്പെട്ടവരെ ഒളിവിൽക്കഴിയാൻ സഹായിച്ച  യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

LatestDaily

Read Previous

യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ഒളിവിൽ

Read Next

ഉദുമ കൂട്ടബലാത്സംഗം പ്രതി ഹക്കീം അറസ്റ്റിൽ