ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാഷ്ട്രീയ നേട്ടങ്ങൾക്ക് മതം ഉപയോഗിക്കരുതെന്ന സുപ്രീംകോടതിയുടെ ഉപദേശം മതത്തെ വോട്ടാക്കി മാറ്റുന്നവരെ കരണത്തുള്ള അടിയാണെന്നതിൽ സംശയമില്ല. മതവികാരങ്ങൾ ചൂഷണം ചെയ്ത് അധികാരത്തിലേറാൻ ലജ്ജാലേശമന്യേ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതി നിർദ്ദേശം എത്രമാത്രം സ്വീകാര്യമാകുമെന്നതിൽ സംശയമുണ്ട്. മതചിഹ്നങ്ങളും മതബിംബങ്ങളുമുപയോഗിച്ച് വോട്ട് തേടുന്നതിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിയമ പ്രകാരം വിലക്കുണ്ടെങ്കിലും അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി മതത്തെ തെരഞ്ഞെടുക്കുകയെന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ശൈലിയും ശീലവും.
മന്ദിറുകളുടെയും മസ്ജിദുകളുടെയും പേരിൽ വോട്ട് ചോദിച്ച് അധികാരത്തിലേറാനാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യവും. മതവിശ്വാസത്തിന്റെ മൃദുല വികാരങ്ങളിൽ കൈ തട്ടിയാൽ പരസ്പരം തല തല്ലിക്കീറുന്ന സമുദായങ്ങളുള്ള നാട്ടിൽ കുറുക്കന്റെ കൗശലത്തോടെ മതവികാരം ചൂഷണം ചെയ്യുകയെന്നത് തന്നെയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം അറിയാം.
മതേതരത്വം ഭരണഘടനാ പുസ്തകത്തിൽ അടച്ചുവെച്ച് മതാധിഷ്ഠിത രാജ്യം കെട്ടിപ്പടുക്കാൻ ഭൂരിപക്ഷ വർഗ്ഗീയത അരയും തലയും മുറുക്കി നിൽക്കുമ്പോഴാണ് രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ദുരുപയോഗം ചെയ്യരുതെന്ന സുപ്രീംകോടതി ഉപദേശം പ്രസക്തമാകുന്നത്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ട് ചോദിച്ചെന്ന പരാതിയിലെ വാദങ്ങൾ നിലനിൽക്കുമെന്ന കോടതി നിരീക്ഷണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തൃപ്പൂണിത്തുറയിൽ നടന്നത്. മതവിദ്വേഷമുണ്ടാക്കി ജനങ്ങളെ പരസ്പരം തമ്മിലടിച്ച് വോട്ട് നേടുകയെന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവ് തന്നെയാണ്.
രാജ്യത്തുണ്ടാകുന്ന വിദ്വേഷ പ്രസംഗക്കേസുകളുടെയെല്ലാം ആണിക്കല്ല് രാഷ്ട്രീയത്തിൽ മതം കലർത്തുന്നതാണെന്ന സുപ്രീംകോടതി നിരീക്ഷണം ഗൗരവമുള്ളതാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ തക്കം പാർക്കുന്ന കുറുക്കന്റെ കൗശലമാണ് ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ളത്.
തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം എന്നീ ജീവൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംസാരിക്കുന്നത് മസ്ജിദുകളെയും മന്ദിറുകളെയും കുറിച്ചാണെന്നതാണ് ദൗർഭാഗ്യകരമായ ഇന്ത്യൻ യാഥാർത്ഥ്യം. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടി വരുന്നുവെന്നത് രാഷ്ട്രീയപ്പാർട്ടികളുടെ ഗതികേടാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടി വരുന്നത്.
രാഷ്ട്രീയത്തിന്റെ മതവത്ക്കരണം അധികാരത്തിലെത്താനുള്ള എളുപ്പ വഴിയാണെങ്കിലും, ഇത്തരത്തിൽ നേടുന്ന അധികാരം പട്ടിണിപ്പാവങ്ങളായ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയ്ക്ക് കാൽക്കഴഞ്ചിന്റെ ഗുണം പോലും ചെയ്യുന്നില്ല. മതമല്ല, ഇന്ത്യയുടെ പ്രശ്നം മറിച്ച് അരച്ചാൺ വയറുകളുടെ വിശപ്പാണ്. ഇതിന് പരിഹാരമുണ്ടാക്കാതെ മതങ്ങളുടെ മഹിമയെക്കുറിച്ച് കവല പ്രംഗങ്ങൾ നടത്തിയിട്ട് കാര്യവുമില്ല.