യുവാക്കളുടെ ജീവനെടുത്തത്  സ്കൂട്ടി യാത്രക്കാരന്റെ അശ്രദ്ധയും ടാങ്കറിന്റെ അമിത വേഗതയും

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂർ കൊവ്വലിൽ ദേശീയ പാതയിൽ രണ്ട് യുവാക്കളുടെ ജീവനെടുത്തത് സ്കൂട്ടി യാത്രക്കാരന്റെ അശ്രദ്ധ.  കൊവ്വലിൽ രണ്ട് യുവാക്കൾ ടാങ്കറിടിച്ച് മരിച്ചത് മുണ്ടക്ണ്ടം റോഡിൽ നിന്നുമെത്തിയ സ്കൂട്ടി യാത്രക്കാരൻ അശ്രദ്ധയിൽ  വാഹനം ഹൈവയിലേക്ക് കയറ്റിയതിനെത്തുടർന്ന്.

 അശ്രദ്ധയോടെ ദേശീയ പാതയിലേക്ക് സ്കൂട്ടി ഓടിച്ചെത്തിയ യാത്രക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് യാത്രക്കാരായ യുവാക്കൾ ബ്രേക്കിട്ടതാണ് രണ്ട് പേരുടെയും മരണത്തിന് കാരണമായത്. ഇതേ സമയത്ത് തന്നെയാണ് ദേശീയ പാതയിലൂടെ അമിത വേഗതയിലെത്തിയ ടാങ്കർ ലോറി യുവാക്കളുടെ  അന്തകനായത്.

ചോയ്യങ്കോട് കിനാവൂർ പൊയ്യങ്കാൽ പി.കുഞ്ഞിക്കൊട്ടൻ ടി.സി.വൽസല ദമ്പതികളുടെ മകനായ ദീപക്ക് 26, കണ്ണാടിപ്പാറയിലെ ഓട്ടോഡ്രവർ വി.ബാബുവിന്റെയും പരേതയായ ചാന്ദിനിയുടെയും മകൻ ശോഭിത്ത് 27 എന്നിവരാണ് ഇന്നലെ രാത്രി  ചെറുവത്തൂർ കൊവ്വലിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചത്. ഇരുവരും നീലേശ്വരം ഭാഗത്ത് നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ടാങ്കർ ബൈക്കിലിടിച്ച് ദീപക്ക് തൽക്ഷണം മരിച്ചു.

സ്വകാര്യ ബസ് കണ്ടക്ടർമാരായ ഇരുവരും അടുത്ത സുഹൃത്തുകളായിരുന്നു. ശോഭിത്ത് പയ്യന്നൂരിലെ മൊബൈൽ ഫോൺ കടയിൽ കുറച്ചുകാലമായി താൽക്കാലിക ജോലിയെടുത്തു വരികയാണ്. അപകടമുണ്ടാക്കിയ കെ.എൽ.60.കെ. 9799 നമ്പർ ടാങ്കർ ലോറിയോടിച്ചിരുന്ന ബന്തടുക്ക മാനടുക്കത്തെ കുര്യാക്കോസിന്റെ മകൻ എൽദോസിനെതിരെ 40, ചന്തേര പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടത്തിൽ മരിച്ച യുവാക്കളുടെ  മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Read Previous

ഉദുമ കൂട്ടബലാത്സംഗം പ്രതി ഹക്കീം അറസ്റ്റിൽ

Read Next

കാഞ്ഞങ്ങാട്ട് വീണ്ടും നടപ്പാത കയ്യേറ്റം