സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വെട്ടിലായി കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗത്തിനെതിരെ പോലീസ് സ്റ്റേഷനുകളിൽ പരാതി പെരുകിയതോടെ പ്രതിരോധത്തിലായി ബിജെപി. തൃശ്ശൂരിൽ ബിജെപി സംഘടിപ്പിച്ച വനിതാ സംഗമത്തിനിടെയാണ് കെ. സുരേന്ദ്രൻ സിപിഎം വനിതാ നേതാക്കളെ തിന്നുതടിച്ച പൂതനമാരെന്ന് അധിക്ഷേപിച്ചത്. കെ. സുരേന്ദ്രന്റെ ഹീനമായ പദപ്രയോഗത്തിനെതിരെ നവമാധ്യമങ്ങളിൽ ശക്തമായ വിമർശനമുയർന്നതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയെത്തിയത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ.എസ് നായർ, തിരുവനന്തപുരം പാലോട് കലയപുരത്തെ സിപിഎം പ്രവർത്തകൻ അൻവർഷാ എന്നിവരാണ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നൽകിത്. സി.എസ്. സുജാത ഡിജിപിക്കും വനിതാ കമ്മീഷനുമടക്കം നൽകിയ പരാതിയിൽ വഞ്ചിയൂർ പോലീസ് കെ. സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്.

വനിതാ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ മൂത്രത്തിൽ ചൂൽ മുക്കിയടിക്കണമെന്ന് പ്രഖ്യാപിച്ച സുരേന്ദ്രൻ ഇത് രണ്ടാം തവണയാണ് സിപിഎം വനിതാ നേതാക്കൾക്കെതിരെ ഹീനമായ പ്രസ്താവനകൾ നടത്തുന്നത്.  ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാർട്ടി വേദിയിലിരുത്തി അപഹസിച്ചതിന് ശോഭാ സുരേന്ദ്രൻ പക്ഷം കെ. സുരേന്ദ്രനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് പുതിയ വിവാദം.

കെ. സുരേന്ദ്രനെ അടിക്കാൻ ശോഭാസുരേന്ദ്രൻ  പക്ഷത്തിന് കിട്ടിയ വടിയാണ് സിപിഎം വനിതാ നേതാക്കൾക്കെതിരെ നടത്തിയ ഹീനമായ പദപ്രയോഗങ്ങളും അതിനെത്തുടർന്നുള്ള പോലീസ് കേസുകളും. ശോഭാസുരേന്ദ്രനെ ബിജപിയിൽ ഒതുക്കിയതിന് പിന്നിൽ പ്രവർത്തിച്ച കെ. സുരേന്ദ്രനെതിരെ ശോഭാ പക്ഷത്തിനുപയോഗിക്കാനുള്ള ആയുധമാണ് സ്ത്രീകൾക്കെതിരെയുള്ള അപകീർത്തി പരാമർശം.

കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പൊതുമരാമത്ത്  വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ കഴിഞ്ഞ ദിവസം ശക്തമായി പ്രതികരിച്ചിരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധമുണ്ടെങ്കിലും അവയെല്ലാം ഉള്ളിലൊതുക്കി അദ്ദേഹത്തെ ന്യായീകരിക്കേണ്ട ഗതിഗകേടിലാണ് മറ്റ് നേതാക്കൾ.

കെ. സുരേന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകൾ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് രാഷ്ച്രീയ നിരീക്ഷകരുടെ പക്ഷം. ബിജെപിയുടെ  അന്തസ് ഇടിച്ചു കളയുന്നതാണ് സംസ്ഥാനാധ്യക്ഷന്റെ പ്രസ്താവനകളെന്ന് പാർട്ടിക്കുള്ളിൽത്തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്. സിപിഎം വനിതാ നേതാക്കൾ അഴിമതി നടത്തി തിന്നു കൊഴുത്ത് പൂതനമാരെപ്പോലെയായെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന സിപിഎം നേതാക്കളടക്കം ചോദ്യം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയിൽ ആരോപണവിധേയനായ കെ. സുരേന്ദ്രന് അഴിമതിയെക്കുറിച്ച് സംസാരിക്കാൻ എന്തവകാശമെന്നാണ് സിപിഎം നേതാക്കൾ ചോദിക്കുന്നത്.

കെ. സുരേന്ദ്രനെതിരെ ബിജെപിയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന എതിർഗ്രൂപ്പുകൾ അകമേ ആഹ്ളാദത്തിലാണെന്നാണ് വിലയിരുത്തൽ. ഇത്രയ്ക്ക് സ്ത്രീ വിരുദ്ധനായ ഒരാളെ സംസ്ഥാനാധ്യക്ഷ പദവിയിൽ നില നിർത്തേണ്ട കാര്യമുണ്ടോയെന്നാണ് സുരേന്ദ്ര വിരുദ്ധരുടെ ചോദ്യം. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ. സുരേന്ദ്രനെതിരെ പോലീസിൽ പരാതിയെത്തുമെന്നുറപ്പായിട്ടുണ്ട്.

LatestDaily

Read Previous

പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി

Read Next

അലഞ്ഞുതിരിഞ്ഞ സ്‌ത്രീക്കും കുഞ്ഞിനും ജനമൈത്രി  പോലീസിന്റെ കരുതൽ സ്പർശം