ആകാശത്തിലെ കൊള്ള

രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രനിരക്ക് കുത്തനെ വർധിപ്പിച്ച് സ്വകാര്യ വിമാനക്കമ്പനികൾ യാത്രക്കാരെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുമ്പോൾ വ്യോമയാന മന്ത്രാലയം കരയ്ക്കിരുന്ന് കളി കണ്ട് രസിക്കുകയാണെന്ന് വേണം കരുതാൻ.

പൊതുമേഖലയുടെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ എയർലൈൻസ് സ്വകാര്യ ഗ്രൂപ്പായ ടാറ്റാ കമ്പനിക്ക് കേന്ദ്ര സർക്കാർ കൈമാറിയതോടെ വ്യോമയാന മേഖലയിലെ പകൽ കൊള്ളയ്ക്ക് ആക്കം വർധിച്ചിട്ടുമുണ്ട്. റംസാൻ പ്രമാണിച്ച് ആയിരക്കണക്കിന് പ്രവാസികൾ ജന്മനാട്ടിലെത്തി പെരുന്നാൾ സന്തോഷം കുടുംബാംഗങ്ങളും ബന്ധുക്കളുമായി പങ്കിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ വർധിപ്പിച്ചിരിക്കുന്നത്.

അറബ് നാടുകളിൽ നിന്നും ചെറിയ പെരുന്നാളിന് നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളോട് വിമാനക്കമ്പനികൾ കണ്ണിൽച്ചോരയില്ലാത്ത വിധം പെരുമാറുമ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്്ത്തി ഒളിച്ചിരിക്കുകയാണ്. ഉത്സവ സീസണുകളിലും, ദേശീയാഘോഷ വേളകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവെയുടെ നിലപാടിന് സമാനമാണ് ഇന്ത്യയിലേക്ക് വിമാന സർവ്വീസുകൾ നടത്തുന്ന സ്വകാര്യ വിമാനക്കമ്പനികളുടേതും. കരയിലും ആകാശത്തിലും യാത്ര ചെയ്യാനനുവദിക്കാത്ത വിധത്തിലാണ് ഇന്ത്യൻ റെയിൽവേയും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളും പെരുമാറുന്നത്. ഇതിന് കേന്ദ്ര സർക്കാരിന്റെ ഒത്താശയുമുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിൽ കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരും സഹമന്ത്രിമാരും പേഴ്സണൽ സ്റ്റാഫും നിരവധിയുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സമാനമായ രീതിയിൽ പ്രയോജനരഹിതമായ രീതിയിലാണ് വ്യോമയാന മന്ത്രാലയവും പ്രവർത്തിക്കുന്നതെന്ന് വേണം കരുതാൻ. വിമാനക്കമ്പനികളുടെ ആകാശക്കൊള്ള നിയന്ത്രിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട കേന്ദ്ര വ്യോമയാന മന്ത്രാലയം സർക്കാർ ഖജനാവ് തിന്നുതീർക്കാൻ മാത്രമുള്ള ആലങ്കാരിക വകുപ്പ് മാത്രമാണോ എന്നതിന് മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരാണ്.

ആഘോഷങ്ങളും ലക്ഷ്യമിട്ടാണ് സ്വകാര്യ വിമാനക്കമ്പനികൾ തങ്ങളുടെ നിരക്കുകൾ അഞ്ചിരട്ടിയിലധികം വർധിപ്പിച്ചത്. വിമാനക്കമ്പനികൾ പ്രവാസികളെ പിഴിഞ്ഞാൽ തങ്ങൾക്കെന്ത് എന്ന നിഷ്ക്രിയ മനോഭാവമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെത്. വ്യോമയാന മന്ത്രാലയത്തിന്റെ ഇൗ നിലപാടാണ് സ്വകാര്യ വ്യോമയാന സർവ്വീസുകൾക്ക് വെള്ളവും വളവുമേകുന്നത്.

സ്വകാര്യ വ്യോമയാന കമ്പനികളുടെ കൊള്ള ഏറ്റവുമധികം ബാധിക്കുന്നത് പ്രവാസി മലയാളികളെയാണ്. അറബ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരിൽ ഭൂരിഭാഗവും മലയാളികളായതിനാൽ വിമാന ടിക്കറ്റ് നിരക്കിലെ വർധനവിന്റെ രക്തസാക്ഷികൾ മലയാളികളാണ്. സ്വന്തം പ്രജകളെ തസ്ക്കരരെപ്പോലെ കൊള്ളയടിക്കുന്ന സ്വകാര്യ വിമാനക്കമ്പനികൾക്കും, സ്വകാര്യ ഇന്ധന കമ്പനികൾക്കും പട്ടും പരവതാനിയും വിരിക്കുന്നവരായിപ്പോയി നിർഭാഗ്യവശാൽ കേന്ദ്രഭരണകൂടം.

കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരിൽ ഒരു മലയാളിയുമുണ്ടെങ്കിലും അതിന്റെ ഗുണഫലം ഇതുവരെ വിദേശ മലയാളികൾക്ക് ലഭിച്ചിട്ടില്ല. ആകാശത്തെ കൊള്ള അനിയന്ത്രിതമായി തുടരുമ്പോഴും കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ തിരുവായ തുറക്കാത്തത് ഖേദകരമാണ്.

LatestDaily

Read Previous

അലഞ്ഞുതിരിഞ്ഞ സ്‌ത്രീക്കും കുഞ്ഞിനും ജനമൈത്രി  പോലീസിന്റെ കരുതൽ സ്പർശം

Read Next

ഭാഷാ വൈവിധ്യങ്ങളുടെ ഒത്തുചേരൽ; മസ്ജിദുകളിലെങ്ങും ഇഫ്്താർ സംഗമങ്ങൾ