എംഡിഎംഏയുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ : സ്കൂട്ടിയിൽ എംഡിഎംഏ കടത്തുന്നതിനിടെ യുവാവ് പിടിയിൽ. ഇന്ന് പുലർച്ചെ 1-45-ന്  ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ ഞാണങ്കൈയിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് സ്കൂട്ടിയിൽ എംഡിഎംഏ കടത്തുകയായിരുന്ന യുവാവ് പിടിയിലായത്.

വെള്ളൂർ കിഴക്കുമ്പാട് അരമങ്ങാനം ഹൗസിൽ പൃഥിരാജാണ് 22, മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായത്. ഞാണങ്കൈയിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ പൃഥിരാജിനെ ഐപിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപം പിടികൂടുകയായിരുന്നു.

യുവാവിന്റെ പക്കൽ നിന്ന് 1.08 ഗ്രാം എംഡിഎംഏ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ.എൽ 86-5451 നമ്പർ സ്കൂട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് തളിപ്പറമ്പിലെ അഭിരാം എന്നയാളിൽ നിന്നും വാങ്ങിയതാണെന്നാണ് പൃഥിരാജ് പോലീസിനോട് വെളിപ്പെടുത്തിയത്. യുവാവിനെതിരെ ചന്തേര പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

ജ്വല്ലറി കവർച്ച; അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

Read Next

രാജപുരം പോലീസിനെതിരെ പ്രവാസി