രാഹുൽ ഗാന്ധിക്കനുകൂലമായ ഐക്യദാർഢ്യം പ്രതിപക്ഷ ഐക്യത്തിന്റെ സൂചന

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കോടതി വിധിയെ തുടർന്ന് രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യത്തെ പ്രതിപക്ഷരാഷീട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തി രംഗത്തെത്തിയത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മോദിയെ വിമർശിച്ചതിന് സൂറത്ത് കോടതി രാഹുൽഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ലോക്സഭാ സിക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം ഇല്ലാതായി. അപ്പീൽ നല്കുന്നതിനായി സൂറത്ത് കോടതി ഒരുമാസത്തേക്ക് വിധി മരവിപ്പിച്ചിരുന്നുവെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് ലോക്സഭ സിക്രട്ടറിയേറ്റ് തിടുക്കപ്പെട്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സിക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇന്നലെ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഇത് വരാനിരിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

അഭിപ്രായ ഐക്യമില്ലാതെ ഭിന്നിച്ച് നിന്ന പ്രതിപക്ഷ പാർട്ടികൾ നരേന്ദ്രമോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ഒറ്റക്കെട്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. സൂറത്ത് കോടതി വിധിക്കെതിരെ നല്കുന് അപ്പീലിൽ മറിച്ചൊരു വിധിയുണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിതന്നെ ഇല്ലാതാകും. തടവ് ശിക്ഷ ലഭിച്ചതിനാൽ അദ്ദേഹത്തിന് 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

രാഹുലിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസനം ചെയ്ത് പ്രതിപക്ഷത്തെ ദുർബലമാക്കുകയെന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. സൂറത്ത് ജില്ലാ കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞില്ലെങ്കിൽ കോൺഗ്രസിന് അത് കടുത്ത ക്ഷീണമുണ്ടാക്കും.

ഭാത്ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന ഇമേജ് ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലാണ് ഒരു കോൺഗ്രസ് നേതാവ് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചത്. ഇതു വഴി അദ്ദേഹത്തിന് ലഭിച്ച രാഷ്ട്രീയ ഇമേജ് ബി.ജെ.പിയെ അസ്വസ്ഥാരാക്കിയെന്നതിന്റെ സൂചനയാണ് രാഹുൽ ഗാന്ധിയെ തിടുക്കപ്പെട്ട് എം.പി സ്ഥാനത്തുനിന്നും നീക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി കോൺഗ്രസിന് ഉർവ്വശിശാപം ഉപകാരമെന്ന നിലയിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. രാഹുൽ ഗാന്ധിക്കനുകൂലമായുണ്ടായ പ്രതിപക്ഷ ഐക്യദാർഢ്യം നിലനിർത്താനായാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും പ്രതിപക്ഷത്തിനും അത് ഏറെ ഗുണം ചെയ്യും.

രാഹുൽഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും നീക്കിയ നടപടി കോടതി റദ്ദ് ചെയ്താൽ ബി.ജെ.പിക്ക് അത് ഏറെ ക്ഷീണം ചെയ്യും.കേന്ദ്ര ഗവൺമെന്റിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.ഏയെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

LatestDaily

Read Previous

യുവാവ് ട്രെയിൻ തട്ടി മരിച്ചു

Read Next

സ്വകാര്യാശുപത്രിക്കെതിരെ ഡിവൈഎസ്പിക്ക് പരാതി