മസാജ് സെന്ററുകളില്‍ ദൃശ്യം പകര്‍ത്തി ഭീഷണിയും പണം തട്ടലും, രണ്ടുപേര്‍ പിടിയില്‍

പരിയാരം:  മസാജ്-സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ 32, ചിതപ്പിലെപൊയിലിലെ അബ്ദു 22 എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ  പരിയാരം പോലീസ് സാഹസികമായി പിടികൂടിയത്.

കൊച്ചി കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മുഖ്യപ്രതി കോരന്‍പീടികയിലെ നിസാമുദ്ദീന്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ. പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കടവന്ത്രയിൽ നിന്നെത്തിയ എസ്.ഐ. മിഥുന്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും വാഹനം ഏര്‍പ്പെടുത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതിചേര്‍ക്കും.

പ്രതികളെ പിടികൂടുന്നതിന് ചൊവ്വാഴ്ച രാവിലെ മുതല്‍ മഫ്ടിയിലും യൂണിഫോമിലുമായി പോലീസുണ്ടായിരുന്നു. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബൈക്കിലും പോലീസ് വാഹനത്തിലും പിന്തുടര്‍ന്ന് സാഹസികമായിട്ടാണ് അറസ്റ്റ് ചെയ്തത്.

മസാജ്-സ്പാ സെന്ററുകളില്‍ സ്വന്തക്കാരെ പറഞ്ഞയച്ച് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ നടത്തിയത് മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഉടമകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഹണിട്രാപ്പിന് സമാനമായ രീതിയിലുള്ള തട്ടിപ്പാണിത്. സംസ്ഥാനത്തെ പല മസാജ് പാര്‍ലര്‍ ഉടമകളില്‍നിന്നും സംഘം പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിസാമുദ്ദീനാണ് സംഘത്തിന്റെ തലവന്‍. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

LatestDaily

Read Previous

കരിപ്പൂരിൽ വീണ്ടും വന്‍ സ്വര്‍ണ വേട്ട, പിടിയിലായത് കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ

Read Next

പയ്യന്നൂരില്‍ ഓൺലൈൻ വ്യാപാരത്തിനെത്തിച്ച വിഷു പടക്കങ്ങളും ലോറിയും പിടിയിൽ