മദ്രസ്സ പീഡനക്കേസ്സിൽ ഇരകൾ കോടതിയിൽ മൊഴിമാറ്റി

സ്വന്തം ലേഖകൻ

പാണത്തൂർ: മദ്രസ്സ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരെ രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ഇരകൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നിൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്ന് ആരോപണം. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്രസ്സയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകരായ കാസർകോട് മാസ്തിക്കുണ്ടിലെ ഫലാഹ് സഅദി 56, പാണത്തൂരിലെ കരീം സഖാഫി 45, എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് 2 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.

സംഭവം മൂടിവെയ്ക്കാൻ പള്ളിഭാരവാഹികളുടെ ഒത്താശയോടെ രാജപുരം പോലീസ് ശ്രമം നടത്തിയിരുന്നു. ചൈൽഡ് ലൈനിന്റെ ഇടപെടലിനെത്തുടർന്നാണ് രാജപുരം പോലീസ് മദ്രസാധ്യാപകർക്കെതിരെ കേസെടുത്തത്. പോക്സോ കേസ് പ്രതികളായ മദ്രസാധ്യാപകരുടെ പേര് വിവരങ്ങൾ മാധ്യമങ്ങൾക്ക് നല്കാതെ ഒളിച്ചുവെക്കാനാണ് രാജപുരം പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ ശ്രമിച്ചത്.

പോക്സോ കേസിലെ ഇരകൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് മാറ്റിപ്പറഞ്ഞത്. പോലീസിന് നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായിരുന്നു കോടതിക്ക് നൽകിയ രഹസ്യമൊഴി. കുട്ടികൾ മൊഴിമാറ്റിയതിന് പിന്നിൽ ഭീഷണിയും സമ്മർദ്ദവുമുണ്ടായതായി സംശയമുണ്ട്. മദ്രസ്സ നടത്തിപ്പുകാരായ കമ്മിറ്റിക്കാരുടെ സമ്മർദ്ദവും ഭീഷണിയുമാണ് ഇരകളുടെ മൊഴിമാറ്റത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

സ്വന്തം മക്കളുടെ പ്രായമുള്ള മദ്രസ്സ വിദ്യാർത്ഥിനികളെയാണ് മദ്രസാധ്യാപകരായ ഫലാഹ് സഅദിയും 56, കരീം സഖാഫിയും 45, ലൈംഗിക പീഡനത്തിനിരയാക്കിയത്. മാനക്കേട് ഭയന്നാണ് മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി ഈ ക്രൂരകൃത്യം ഒളിപ്പിക്കാൻ ശ്രമിച്ചതും ആരോപണ വിധേയരെ രക്ഷപ്പെടാൻ അനുവദിച്ചതും. വിദ്യാർത്ഥിനികൾക്ക് നേരെ നടന്ന ലൈംഗികാതിക്രമം നേരിൽക്കണ്ട മദ്രസ്സയിലെ മറ്റ് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് മദ്രസ്സയിലെ പീഡനത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ഇരകൾ മൊഴിമാറ്റിപ്പറഞ്ഞ സാഹചര്യം കൗൺസിലിങ്ങിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ബേക്കൽ ഡി.വൈ.എസ്.പി, സി.കെ സുനിൽ കുമാർ പറഞ്ഞു.

LatestDaily

Read Previous

കെ.പി.വി.യു. സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

Read Next

കൂട്ടബലാത്സംഗം; ഒരു പ്രതി കൂടി അറസ്റ്റിൽ