ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സർക്കാർ ജീവനക്കാർ പ്രതിഷേധങ്ങളോ സമരങ്ങളോ നടത്താൻ പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ കൽപ്പന തിരുവായ്ക്ക് എതിർവായ് പറയാത്ത അടിമ സമൂഹത്തിന്റെ പുനഃസൃഷ്ടിക്ക് വേണ്ടിയാണെന്ന് വേണം കരുതാൻ.
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ മാടമ്പികാലത്തെ ഓർമ്മപ്പെടുത്തുന്ന വിധത്തിൽ അരയിൽ മുണ്ടുകെട്ടി വായ്ക്ക് കൈ പൊത്തി ഓച്ഛാനിച്ച് നിൽക്കുന്നവരുെട ഇന്ത്യയാണ് പ്രസ്തുത ഉത്തരവിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അടിയന്തരാവസ്ഥയുടെ കാലത്ത് ഉയർന്നുകേട്ട നാവടക്കൂ പണിയെടുക്കൂ എന്ന ജനാധിപത്യ വിരുദ്ധമായ ആജ്ഞകളുടെ രണ്ടാം പതിപ്പാണ് സർക്കാർ ജീവനക്കാരുടെ ദേശീയ സമരത്തിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കം.
ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സർക്കാർ നയങ്ങൾക്കെതിരെ മിണ്ടാതെ ഉരിയാടാതെ കഴുതകളെപ്പോലെ പണിയെടുക്കാനാണ് കേന്ദ്ര സർക്കാർ സർക്കാർ ജീവനക്കാരോടാവശ്യപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ പ്രേതം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇടനാഴികളിൽ ഇപ്പോഴും അലഞ്ഞുതിരിയുന്നുണ്ടെന്നതിന്റെ സൂചനയാണ് കേന്ദ്ര സർക്കാർ തൊഴിലാളികൾക്കെതിരെ നൽകിയ മുന്നറിയിപ്പ്.
സമരത്തിനാധാരമായ കാരണങ്ങൾ പരിശോധിക്കാതെ സമരത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കം ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാമെന്ന് കാണിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ലെന്ന ന്യായമുയർത്തിയാണ് കേന്ദ്ര സർക്കാർ സർക്കാർ ജീവനക്കാരുടെ സമരങ്ങൾക്കെതിരെ വാളെടുത്തിരിക്കുന്നത്.
ഓൾഡ് പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ജോയിന്റ് കൗൺസിൽ ഓഫ് ആക്ഷൻ രാജ്യവ്യാപകമായി ജില്ലാതല റാലികൾ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വകുപ്പുകളുടെ സിക്രട്ടറിമാർക്ക് പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നത്. കൂട്ട കാഷ്വൽ അവധി, മെല്ലെപ്പോക്ക് സമരം, ധർണ്ണ എന്നിവ തടയുകയെന്നതാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലെടുക്കുന്നവർക്ക് ലഭിച്ച അവകാശങ്ങൾ സർക്കാരുകൾ സൗമനസ്യത്തോടെ വെള്ളിത്താലത്തിൽ വെച്ച് നൽകിയവയൊന്നുമല്ല. ആഗോള തൊഴിലാളി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളിൽ ഭൂരിഭാഗവും സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്തവയാണ്. എട്ട് മണിക്കൂർ ജോലിയെന്ന ആശയം പോലും ആഗോള പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്തവയാണ്.
രാജ്യത്ത് തൊഴിലെടുക്കുന്നവരും കർഷകരും സമര രംഗത്തിറങ്ങുന്നുണ്ടെങ്കിൽ നിലവിലെ ഭരണ നിർവ്വഹണ സംവിധാനത്തിന് എന്തോകുഴപ്പമുണ്ടെന്ന് തന്നെയാണ് അർത്ഥം. സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ സമരങ്ങളെ നിയന്ത്രിക്കുകയെന്നത് ഭരണകൂടത്തിന്റെ ഗതികേട് തന്നെയാണ്. നിയമങ്ങളുടെ കത്തിമുന കഴുത്തിൽ വെച്ച് തൊഴിലെടുക്കുന്നവരെ നിശബ്ദരാക്കുകയെന്ന തന്ത്രം പണ്ടേ പഴകിത്തേഞ്ഞതാണ്.
സമരങ്ങളെ അച്ചടക്കത്തിന്റെ ചാട്ടവാർ വീശിയൊതുക്കുകയെന്നത് ജനാധിപത്യ രാജ്യത്ത് പ്രായോഗികമല്ല. തൊഴിലെടുക്കുന്നവന്റെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതെ സമരങ്ങളെ അടിച്ചൊതുക്കുകയെന്നത് ബ്രിട്ടീഷ് കോളനി ഭരണകാലത്തെ തന്ത്രമാണ്. ഇൗ തന്ത്രം ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല തന്നെ.