ഉദുമ കൂട്ടബലാത്സംഗം യുവാവ് അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

ബേക്കൽ : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗക്കേസ്സിൽ ഒരു പ്രതിയെക്കൂടി കണ്ണൂർ ക്രൈംബ്രാഞ്ച് ഇന്ന് പുലർച്ചെ ഉദുമയിൽ പിടികൂടി.  ഉദുമ പടിഞ്ഞാർ സ്വദേശി സി.എം. ഷാഫിയുടെ മകൻ സർഫറാസിനെ 30, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സുധയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പുലർകാലം ഉദുമ പടിഞ്ഞാറുള്ള വീട്ടിൽ നിന്ന് പിടികൂടിയത്.

പ്രതി കുറേക്കാലമായി ക്രൈംബ്രാഞ്ചിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. സർഫറാസിന്റെ അറസ്റ്റോടുകൂടി ഇൗ കേസ്സിൽ 12 പ്രതികൾ അറസ്റ്റിലായി. 2019 മുതൽ രണ്ടുവർഷക്കാലം ഇരയായ യുവതിയുടെ വീട്ടിൽ രാത്രി കാലത്ത് ഭീഷണിപ്പെടുത്തിയും അതിക്രമിച്ചും കയറിയാണ് ഇൗ കേസ്സിലെ 21 പ്രതികളും മാറി മാറി യുവഭർതൃമതിയെ ബലാത്സംഗം ചെയ്തത്.

സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് കാസർകോട് ജില്ലയ്ക്ക് പുറത്ത് ബിസ്സിനസ്സിലേർപ്പെട്ടിരിക്കുകയായിരുന്നു. പ്രതികളിൽ ഇനി ഏഴുപേർ പിടിയിലാകാനുണ്ട്. ഇവർ നാട്ടിലും ഗൾഫിലുമായി ഒളിവിലാണ്.  കേസ്സിലെ 12 പ്രതികൾ മുൻകൂർ ജാമ്യത്തിന് വേണ്ടി ആദ്യം ഹൈക്കോടതിയേയും പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും, ഒരു യുവതിയെ ഭീഷണിപ്പെടുത്തി 22 പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം നടുക്കമുണ്ടാക്കുന്നതാണെന്ന് പറഞ്ഞാണ് പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.  ഇന്ന് അറസ്റ്റിലായ പ്രതി സർഫാറസ് ഗൾഫിലായിരുന്നു. കേസ്സിൽ പ്രതിയായ ശേഷം ഗൾഫിലും നാട്ടിലുമായി ഒളിവിൽക്കഴിയുകയായിരുന്നു.

Read Previous

പ്ലസ്ടു വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; ബസ്കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ

Read Next

കിളിമഞ്ചാരോ കൊടുമുടി കീഴടക്കി തൃക്കരിപ്പൂർ യുവാവ് മസൂദ്