നീലേശ്വരം സഹകരണ ബാങ്ക് നിയമനത്തിൽ മുസ്ലീം ലീഗ് ഉടക്കി

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗ നിയമനത്തെച്ചൊല്ലി നീലേശ്വരം നഗരസഭ യുഡിഎഫിനുള്ളിൽ പുകയുന്ന അമർഷം മറ നീക്കി പുറത്തുവന്നു. ബാങ്കിൽ ഒഴിവു വന്ന പോസ്റ്റുകൾ മുഴുവൻ കോൺഗ്രസ് കയ്യടക്കിയതാണ് ഘടക കക്ഷികളിൽ ഭിന്നതയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നും മുസ്്ലീം ലീഗ് പ്രതിനിധി ഇറങ്ങിപ്പോയതോടെയാണ് നിയമനത്തെച്ചൊല്ലിയുള്ള തർക്കം മറ നീക്കി പുറത്തുവന്നത്.

ബാങ്കിൽ ഒഴിവു വന്ന പോസ്റ്റുകളിൽ മൂന്നെണ്ണം മുസ്്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കോൺഗ്രസ് വിട്ടുകൊടുത്തില്ല. ഇതേത്തുടർന്ന് ബാങ്ക് ഭരണ സമിതിയിലെ മുസ്്ലീം ലീഗ് പ്രതിനിധിയായ ഇഖ്്ബാൽ കോട്ടപ്പുറം ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

നീലേശ്വരം സഹകരണ ബാങ്ക് നിയമനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും കോൺഗ്രസ് നേതാക്കൾ 5 ലക്ഷം രൂപ വീതം കോഴ വാങ്ങിയതായി ആരോപണമുയർന്നു.സംഭവത്തിൽ ഡിസിസി നേതാവ് മാമുനി വിജയനടക്കം സംശയ നിഴലിലാണ്. ഉദ്യോഗാർത്ഥികളിൽ നിന്നും 5 ലക്ഷം വീതം വാങ്ങിയ ശേഷം 2 ലക്ഷം രൂപ നേതാക്കൾ സ്വന്തം കീശയിലാക്കുകയും ബാക്കി 3 ലക്ഷം രൂപ പാർട്ടിക്ക് നൽകിയെന്നുമാണ് ആരോപണം.

പ്യൂൺ, വാച്ച്മാൻ, പാർട്ട് ടൈം സ്വീപ്പർ തസ്തികകളാണ് മുസ്്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നത്. ലീഗിന്റെ നോമിനികൾക്ക് പരീക്ഷയിൽ മാർക്ക് കുറച്ച് അവരെ വെട്ടിനിരത്തിയെന്നാണ് നീലേശ്വരം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലെ ലീഗ് പ്രതിനിധികളുടെ ആരോപണം. യൂത്ത് കോൺഗ്രസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നും 4 കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിപ്പോയിരുന്നു.

നീലേശ്വരം സഹകരണ ബാങ്കിലെ ഉദ്യോഗ നിയമനത്തിൽ ഡിസിസി നേതാവ് മാമുനി വിജയൻ കോഴ വാങ്ങിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. കൊയാമ്പുറം, കടിഞ്ഞിമൂല, മൂലപ്പള്ളി, പുറത്തേക്കൈ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ നിന്ന് മാമുനി വിജയൻ ജോലിക്കായി കോഴ വാങ്ങിയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നത്. ഇൗ ആരോപണം സാധൂകരിക്കുന്ന വിധത്തിലാണ് ലീഗിന്റെ നിലപാട്.

നീലേശ്വരം സഹകരണ ബാങ്കിലെ ഉദ്യോഗ നിയമനത്തർക്കം യുഡിഎഫ് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് നീലേശ്വരം മുനിസിപ്പൽ ലീഗ് കമ്മിറ്റി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ ഏകാധിപത്യ നിലപാട് നഗരസഭയിലെ യുഡിഎഫ് കൂട്ടുകെട്ടിനെ ബാധിക്കുമെന്നും ലീഗ് വൃത്തങ്ങൾ  വെളിപ്പെടുത്തി.

അർഹരായ കോൺഗ്രസ് പ്രവർത്തകരെപ്പോലും തഴഞ്ഞ് സഹകരണ ബാങ്കിലെ ഒഴിവു വന്ന തസ്തികകൾ കാശുവാങ്ങി വിൽപ്പന നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസിലും പ്രതിഷേധമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

നീതുവിന്റെ ഘാതകൻ അറസ്റ്റിൽ, മൃതദേഹത്തോടൊപ്പം 2 ദിവസം കിടന്നുറങ്ങി

Read Next

നരഹത്യാശ്രമത്തിന് കേസ്