മടിക്കൈയിൽ സിപിഐ റവന്യൂ ഭൂമി കയ്യേറി

സ്വന്തം പ്രതിനിധി

മടിക്കൈ: മിനി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പണിയാൻ മടിക്കൈ ​ഗ്രാമ പഞ്ചായത്ത് ആലോചിക്കുന്ന കാഞ്ഞിരപ്പൊയിൽ ടൗണിലെ സ്ഥലം കൈയ്യേറി സിപിഐ അനുകൂല ക്ലബ്ബ്. വര്‍ഷങ്ങളായി റവന്യു സ്ഥലം കൈയ്യേറി പ്രവര്‍ത്തിക്കുന്ന റിക്രിയേഷൻ ക്ലബ്ബിന്റെ മറവിലാണ് കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയിൽ മണ്ണെത്തിച്ച് ഇവിടെ തള്ളിയത്. വര്‍ഷങ്ങളായി ഇവിടെ രാത്രിയിൽ ഹാൾട്ട് ചെയ്യുന്ന സ്വകാര്യ ബസുകളെ വിലക്കി ചെങ്കല്ല് ഉപയോ​ഗിച്ച് തടഞ്ഞിട്ടുമുണ്ട്.

ഇതോടെ പ്ര​ദേശത്ത് ഭൂരിപക്ഷമുള്ള സിപിഐ എം പ്രവര്‍ത്തകര്‍ക്കിടയിൽ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അമ്പലത്തറ സ്റ്റേഷനിലെ ഒരു പൊലീസുകാരന്റെയും യുവജന സംഘടനയുടെ ജില്ലാ നേതാവിന്റെയും ഒരു പഞ്ചായത്ത് മെമ്പറുടെയും നേതൃത്വത്തിലാണ് കൈയ്യേറ്റമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ അമ്പലത്തറ വില്ലേജ് ഓഫീസര്‍ സോബിരാജിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി കൈയ്യേറ്റം അവസാനിപ്പിക്കാൻ നിര്‍ദ്ദേശം നൽകി. ക്ലബ്ബിന് 10 സെന്റ് ഭൂമി അനുവദിക്കാൻ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ല. ഇതിന്റെ മറവിലാണ് സമീപത്തെ 30സെന്റ് കൂടി കൈയ്യടക്കാൻ നീക്കം നടത്തുന്നത്.

മലയോരത്തേക്കുള്ള പ്രധാന പാതയായ ചെമ്മട്ടംവയൽ കാലിച്ചാനടുക്കം പാതയോരത്തെ സ്ഥലത്തിന് സെന്റിന് ഒരു ലക്ഷത്തിന് മുകളിൽ വിലയുണ്ട്. ഹൈസ്കൂൾ, സഹകരണ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ അതിര്‍ത്തിയിലെ പ്രധാന കേന്ദ്രമാണ് കാഞ്ഞിരപ്പൊയിൽ.

സിപിഐ എം ഉടമസ്ഥതയിൽ മടിക്കൈ അമ്പലത്തുകരയിൽ പ്രവര്‍ത്തിക്കുന്ന എകെജി ക്ലബ്ബിന്റെ മുന്നിൽ ഒരു മുറി കൂട്ടിയെടുക്കുമ്പോഴും സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് വേണ്ടി സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കുമ്പോഴും പാര വെച്ചവരാണ് പട്ടാപ്പകൽ കൈയ്യേറ്റം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ക്ലബ്ബിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് റവന്യൂ ഭൂമിയിലൂടെ വഴിയൊരുക്കാൻ ചിലര്‍ നേരത്തെ പണം വാങ്ങിയതായും ആക്ഷേപമുണ്ട്. കൂട്ടിയിട്ട കല്ലുകൾ സിപിഎം പ്രവർത്തകർ എടുത്ത് മാറ്റിയിട്ടുണ്ട്

Read Previous

നീലേശ്വരം സ്വദേശി ജോലി തട്ടിപ്പിനിരയായി

Read Next

പോലീസ് ലിസ്റ്റിലുള്ള യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ