പാണത്തൂർ മദ്രസ്സ പീഡനക്കേസ് പോലീസും മൂടിവെച്ചു , ഇരുപ്രതികളും രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

പാണത്തൂർ: പാണത്തൂരിൽ മദ്രസ്സ അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം മൂടിവെക്കാൻ പോലീസും ജമാ അത്ത് ഭാരവാഹികളും ഒത്തുകളിച്ചതായി നാട്ടുകാരുടെ ആരോപണം. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്രസ്സയിലാണ് മൂന്ന് വിദ്യാർത്ഥിനികളെ ഉസ്താദുമാർ ലൈംഗിക പീഡനത്തിനിരയായത്.

നാണക്കേട് ഭയന്ന് പ്രസ്തുത സംഭവം മൂടിവെക്കാൻ ശ്രമിച്ച ജമാഅത്ത് ഭാരവാഹികൾക്ക് രാജപുരം പോലീസ് ഒത്താശ ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. മദ്രസ്സ പീഡനക്കേസ്സിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, പ്രതികൾ നാട്ടിൽ നിന്നും മുങ്ങിയതിന് പിന്നിൽ പോലീസിന്റെ അനാസ്ഥയാണെന്നാണ് മഹല്ല് നിവാസികൾ ആരോപിച്ചു.

മദ്രസ്സ പീഡനക്കേസ്സിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളന്വേഷിച്ച് ലേറ്റസ്റ്റിൽ നിന്നും രാജപുരം പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണനെ വിളിച്ചിരുന്നുവെങ്കിലും, പോലീസ് പ്രതികളുടെ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. പോക്സോ കേസ് പ്രതികളുടെ വിവരങ്ങൾ വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തണമെന്നാണ് രാജപുരം ഐപിയായ കൃഷ്ണൻ ലേറ്റസ്റ്റിനെ അറിയിച്ചത്.

പോക്സോ ഇരകളെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതിനും ഇരകളുടെ പേരുകൾ നൽകുന്നതിനും വിലക്കുണ്ടെങ്കിലും, പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിൽ നിലവിൽ നിയമ തടസ്സങ്ങളൊന്നുമില്ല. മദ്രസ്സ പീഡനക്കേസ് പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാതെ രാജപുരം ഐപി ഒളിപ്പിച്ചത്  ജമാ അത്ത് ഭാരവാഹികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയമുണ്ട്.

മത പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാതെ ഒളിപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. ഇരകൾക്കൊപ്പം നിൽക്കേണ്ട നിയമപാലകർ പ്രതികളുടെ പക്ഷം ചേർന്നതായി നാട്ടുകാരും സംശയമുയർത്തുന്നു. കാസർകോട് മാസ്തിക്കുണ്ട് സ്വദേശി ഫലാഹ് സഅദി, പാണത്തൂർ സ്വദേശിയായ കരീം സഖാഫി എന്നിവരാണ് മദ്രസ്സ പീഡനക്കേസ്സിലെ പ്രതികളെന്ന് ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

LatestDaily

Read Previous

ജോജുവിന്റെ ഡബിൾ റോൾ; ഇരട്ട മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ

Read Next

പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ