ലീഗ് അടിത്തറ ബലപ്പെടുത്തും: കല്ലട്ര മാഹിൻ ഹാജി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: മലപ്പുറം കഴിഞ്ഞാൽ മുസ്ലിം ലീഗിന് ഏറ്റവും ശക്തിയുള്ളതും രണ്ട് എംഎൽഏമാരുള്ളതുമായ കാസർകോട് ജില്ലയിൽ പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തുമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി . ഇക്കഴിഞ്ഞ മെമ്പർഷിപ്പ് കാമ്പയിനിൽ ജില്ലയിൽ പാർട്ടി കരുത്ത് കാട്ടിയതായി പ്രസ്ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മാഹിൻ ഹാജി പറഞ്ഞു.

ജില്ലയിൽ അമ്പതിനായിരത്തിലധികം മെമ്പര്‍മാര്‍ ഇപ്പോൾ കൂടിയിരുന്നു. അത് ഇനിയും ശക്തി പകരാനുളള ശ്രമങ്ങളുണ്ടാവും. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലയോട് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണ കാലത്ത് കടുത്ത അവഗണനയാണ് കാണിച്ചത്.

പൂര്‍ത്തിയായിട്ട് പോലും അമ്മയും കുഞ്ഞും ആസ്പത്രി കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണ കാലത്ത് ജില്ലയ്ക്ക് ലഭിച്ച മെഡിക്കല്‍ കോളേജ് സംവിധാനവും കുറ്റമറ്റ രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ ഈ സര്‍ക്കാറിന് കഴിയുന്നില്ല. ജില്ലയുടെ ആരോഗ്യ പിന്നോക്കവസ്ഥ കോവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയടച്ച സമയത്ത് പിടഞ്ഞ് മരിച്ച വൃക്ക രോഗികളിലൂടെ നമ്മളെല്ലാം കണ്ടതാണ്. ഇത്തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് സംവിധാനത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും യോജിച്ച് മറ്റ് ഘടക കക്ഷികളെ കൂടി അണി നിരത്തി പ്രക്ഷോഭങ്ങളുണ്ടാവും.

ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷന്മാരായ അഡ്വ.എന്‍.എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍, ട്രഷറര്‍ സി.കെ റഹ്മത്തുള്ള , മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുറസാഖ് തായിലക്കണ്ടി, ജന.സെക്രട്ടറി കെ.കെ ജാഫര്‍ എന്നിവരും സംബന്ധിച്ചു. മീറ്റ് ദ ്പ്രസില്‍ പ്രസ് ഫോറം പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജോയ് മാരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫസലുറഹ്മാന്‍ നന്ദിയും പറഞ്ഞു. ജോ.സെക്രട്ടറി കെ.എസ് ഹരി ബൊക്കയും നല്‍കി.

Read Previous

ആക്രമണത്തിനിരയായ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

Read Next

നടൻ പ്രൊഡക്ഷൻ കൺട്രോളറെ തല്ലി