കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പ് പ്രതികൾ ബഡ്സ് കുരുക്കിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നിക്ഷേപത്തട്ടിപ്പ് കേസ്സുകളിൽ ബഡ്സ് നിയമം കർശനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തതോടെ ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളുടെ നില കൂടുതൽ പരുങ്ങലിൽ. കുണ്ടംകുഴി ആസ്ഥാനമായി നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ബഡ്സ് ആക്ടിലെ വകുപ്പുകൾ കൂടി ചേർത്ത് കേസ്സെടുത്തതോടെയാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ഡി. വിനോദ്കുമാറടക്കമുള്ള സംഘം കുരുക്കിലായത്.

ബാനിങ്ങ് ഓഫ് അൺറെഗുലറൈസ്ഡ് ഡിപ്പോസിറ്റ് സ്കീം എന്നതിന്റെ ചുരുക്കപ്പേരാണ് ബഡ്സ്. നിയമപരമല്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിരോധിച്ച് 2019-ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയതാണ് പ്രസ്തുത നിയമം. സാമ്പത്തിക തട്ടിപ്പുകളിൽ വഞ്ചനാക്കുറ്റത്തിന് കേസ്സെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോലീസുദ്യോഗസ്ഥരും തട്ടിപ്പു  സംഘങ്ങളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കാൻ ബഡ്സ് നിയമം കർശനമാക്കണമെന്ന സർക്കാർ തീരുമാനത്തിന് പിന്നിൽ ഈ ഒത്തുകളിയും സ്വാധീനിച്ചു. അനധികൃത നിക്ഷേപം പ്രോത്സാഹിപ്പിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം വരെ പിഴയുമാണ് ബഡ്സ് ആക്ടിൽ ശിപാർശ ചെയ്യുന്നത്.

അനധികൃത നിക്ഷേപം സ്വീകരിച്ചാൽ 7 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും നിയമത്തിൽ ശിപാർശ ചെയ്യുന്നുണ്ട്. ജിബിജി നിധി  നിക്ഷേപത്തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഈ നിയമം ബാധകമാണ്. തട്ടിപ്പു കേസ്സിൽ ബഡ്സ് ആക്ട് പ്രകാരം പ്രതി ചേർക്കപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാൻ നിർദ്ദിഷ്ട പോലീസ് സ്റ്റേഷൻ പരിധികളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് അധികാരമുണ്ട്. ഈ അധികാര പ്രകാരം ജിബിജി തട്ടിപ്പ് കേസ്സിലെ പ്രതികളുടെ സ്വത്ത് ബേഡകം പോലീസ് ഇൻസ്പെക്ടർക്ക്  കണ്ടുകെട്ടാം.

കണ്ടുകെട്ടിയ സ്വത്തുക്കൾ ജപ്തി ചെയ്ത് നിക്ഷേപകരുടെ നിക്ഷേപത്തുക തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമപ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിലെ സെഷൻസ് കോടതികൾക്ക് അധികാരം നൽകിയിട്ടുണ്ട്. ബഡ്സ് അതോറിറ്റിയാണ് പ്രസ്തുത വിഷയത്തിൽ കോടതിക്ക് റിപ്പോർട്ട് നൽകേണ്ടത്. ജിബിജി നിധി നിക്ഷേപത്തട്ടിപ്പിൽ ബഡ്സ് ആക്ടിലെ വകുപ്പുകൾ ചേർത്തത് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പ്രതീക്ഷയേകുന്നു.

അറസ്റ്റിലായി റിമാന്റിൽക്കഴിയുന്ന കമ്പനി ചെയർമാൻ ഡി.വിനോദ്കുമാർ, പെരിയ നിടുവോട്ട്പാറയിലെ ഗംഗാധരൻ നായർ എന്നിവരുടെ സ്വത്തു  വിവരങ്ങൾ ബേഡകം പോലീസ് ശേഖരിച്ചു വരികയാണ്. ഇവരുടെ  ബാങ്ക് നിക്ഷേപ വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

19 കേസ്സുകളാണ് ജിബിജി നിധി നിക്ഷേപത്തട്ടിപ്പിന്റെ ഭാഗമായി ബേഡകം പോലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് ലഭിച്ച പരാതികളിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ അവയ്ക്ക് നിയമപരമായ നിലനിൽപ്പില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

നിലവിൽ റജിസ്റ്റർ ചെയ്ത 19 എഫ്ഐആറുകൾക്ക് പുറമെ 43 പരാതികളിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെയുള്ളത്. ജിബിജി നിധി ഡയറക്ടർമാരായ സുഭാഷ് മല്ലക്കര, മാണിയാട്ടെ പി.വി. രതീഷ്, സി.പി. പ്രീജിത്ത് എന്നിവരുടെ   സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒളിവിലുള്ള ഇവർ കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ആം-ആദ്മിക്ക് തിരിച്ചടി; സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള നീക്കത്തിന് സ്റ്റേ

Read Next

അശ്ലീല വീഡിയോക്കേസിൽ വിദ്യാർത്ഥികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി