പോലീസും മനുഷ്യരാണ്

ഇന്ധന സെസിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങൾ മര്യാദകളുടെ സകലസീമകളും ലംഘിച്ചുവെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ട് പോലീസുദ്യോഗസ്ഥന് നേരെ നടന്ന കൊലവിളി പ്രസംഗം. രാഷ്ട്രീയ വിയോജിപ്പുകളുടെ മത്ത് തലയ്ക്കു പിടിച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതായി തീരുമെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടുണ്ടായത്.  ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കൈവെട്ടുമെന്നും ശവം പുഴയിലൊഴുക്കുമെന്നും ആക്രോശിക്കുന്നവർ രാഷ്ട്രീയത്തിന്റെ മാനുഷിക മുഖമാണ് ഇല്ലാതാക്കിയിരിക്കുന്നത്.

ഇന്ധനവിലയും പാചക വാതകത്തിന്റെ വിലയും കേന്ദ്ര സർക്കാർ പല തവണ വർദ്ധിപ്പിച്ചപ്പോൾ  വിനീത വിധേയരായ തൊമ്മിമാരായി പഞ്ചപുച്ഛമടക്കി നിശ്ശബ്ദതയുടെ ഗുഹകളിലൊളിച്ചവരാണ് സംസ്ഥാന സർക്കാരിന്റെ സെസിനെതിരെ വാളെടുത്ത് തുള്ളി ക്രമസമാധാന പാലകരെ കൊന്നുതള്ളുമെന്ന് ആഹ്വാനം ചെയ്യുന്നത്. നാട്ടിൽ നിലനിൽക്കുന്ന നിയമവാഴ്ചയ്ക്കനുസൃതമായി സമരം നടത്താൻ ആർക്കും ആവകാശമുണ്ടെങ്കിലും പോലീസുദ്യോഗസ്ഥരെ വെട്ടിനുറുക്കാൻ ആഹ്വാനം ചെയ്യുന്ന സമരരീതി നരഭോജികളുടേതാണെന്ന് പറയാതെ വയ്യ.

ഇന്ധനസെസിനെതിരെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങൾ ആക്രമാസക്ത മാർഗ്ഗങ്ങളിലേക്ക് തിരിയുമ്പോഴും  സർക്കാർ ഇക്കാര്യത്തിൽ മൗനം പുലർത്തുന്നത് ഭൂഷണമല്ല. പൊതുജനങ്ങളുടെ  സ്വൈര്യ ജീവിതത്തിന് ഭീഷണി സൃഷ്ടിച്ച് മുന്നേറുന്ന സമരങ്ങൾ നിയന്ത്രിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ക്രമസമാധാനപാലനച്ചുമതലയുള്ള പോലീസുദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിക്കുന്ന തരത്തിൽ നടക്കുന്ന സമരങ്ങൾ നാട്ടിൽ സമാധാനത്തിന് പകരം ഭീതിയാണുണ്ടാക്കുന്നതെന്ന് സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം.

നിയമപാലകരെ കൊന്നുതള്ളാൻ ആഹ്വാനം ചെയ്യുന്നവർ നാട്ടിലെ നിയമ വ്യവസ്ഥയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത  പോലീസുദ്യോഗസ്ഥരുടെ കൈവെട്ടാനും ശവം പുഴയിലൊഴുക്കാനും ആഹ്വാനം ചെയ്യുന്നവർ പോലീസുദ്യോഗസ്ഥർക്കും ഒരു കുടുംബമുണ്ടെന്ന് മറന്നുപോയവരാണ്. പൊതുജനം സ്വന്തം വീടുകളിൽ സമാധാനമായി കിടന്നുറങ്ങുന്നത് പുറത്ത് പോലീസുണ്ടെന്ന വിശ്വാസത്തിലാണ്. രാഷ്ട്രീയ നേതാക്കൾക്കും ഇത് ബാധകമാണ്.

മാറിവരുന്ന സർക്കാരുകളുടെ ആജ്ഞയ്ക്കൊത്ത് തൊഴിലെടുക്കാൻ ബാധ്യതയുള്ളവരാണ് പോലീസ് സേനയും പട്ടാളവും. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പോലീസിന് ശമ്പളം നൽകുന്നതും. ക്രമ സമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ആക്രമങ്ങൾ അടിച്ചമർത്തുന്നത് അവ ആസ്വാദിച്ചുകൊണ്ടല്ലെന്നതാണ് യാഥാർത്ഥ്യം.

വീടും കുടുംബവും മാനുഷിക വികാരങ്ങളും ഒന്നുമില്ലാത്ത യന്ത്രങ്ങളുമല്ല പോലീസുദ്യോഗസ്ഥർ. മനുഷ്യത്വം കലരാത്ത രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് കോഴിക്കോട്ട് പോലീസുദ്യോഗസ്ഥന് നേരെയുണ്ടായ കൊലവിളി. ഇത്തരം പ്രസംഗവും പ്രവൃത്തിയും എന്ത്  തരം രാഷ്ട്രീയ സന്ദേശമാണ് നാടിന് നൽകുന്നതെന്ന് രാഷ്ട്രീയ പ്രവർത്തകർ ആത്മ പരിശോധന നടത്തണം.

കോഴിക്കോട്ട് പോലീസുദ്യോഗസ്ഥനെ കൊന്നു തീർക്കാൻ ആഹ്വാനം ചെയ്ത നേതാവിന്റെയും  അതിന് കയ്യടിച്ച അണികളുടെയും ശരീരഭാഷ പേടിപ്പെടുത്തുന്നതാണ്. രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള പൊതുസമൂഹം നിർഭയരായി ജീവിക്കുന്നതിന് പിന്നിൽ പോലീസിന്റെ കണ്ണിലെണ്ണയൊഴിച്ച ജാഗ്രതയുണ്ട്. അണികളുടെ കയ്യടി നേടാൻ പോലീസിന്റെ ശവം പുഴയിലൊഴുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർ അത് മറക്കരുത്.

LatestDaily

Read Previous

വിദ്യാർഥികളെ പൂട്ടിയിട്ട പ്രിൻസിപ്പലിനെ നീക്കാൻ മന്ത്രിയുടെ നിർദ്ദേശം

Read Next

വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു